ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്ക വിജയത്തിലേക്ക്കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക വിജയത്തിലേക്ക്.  ശ്രീലങ്ക ഉയര്‍ത്തിയ 490 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ വിജയലക്ഷ്യത്തേക്കാള്‍ 351 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. ത്യൂനിസ് ഡി ബ്രൂയിന്‍ (45*), ടെംബ ബാവുമ (14*) എന്നിവരാണ് ക്രീസില്‍.മൂന്ന് വിക്കറ്റിന് 151 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക അഞ്ച് വിക്കറ്റിന് 275 റണ്‍സില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 214 റണ്‍സ് ലീഡിന്റെ ആനുകൂല്യത്തിലാണ് 490 എന്ന കൂറ്റന്‍ വിജയലക്ഷ്യം ലങ്ക ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. ദിമുത് കരുണരത്‌ന (85), ധനുഷ്‌ക ഗുണതിലക (61), ഏഞ്ചലോ മാത്യൂസ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക് കരുത്തായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ഈ മല്‍സരത്തിലെ മഹാരാജിന്റെ വിക്കറ്റ് നേട്ടം 12 ആയി.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ലങ്കന്‍ സ്പിന്‍ കരുത്തിന് മുന്നില്‍ വീണ്ടും കാലിടറി. എയ്ഡന്‍ മാര്‍ക്രമിനെ (14) മടക്കി രങ്കണ ഹരാത്താണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ക്രീസിലെത്തിയ പ്രമുഖ താരങ്ങളായ ഹാഷിം അംലയും (6), ഫഫ് ഡുപ്ലെസിസും (7) വീണ്ടും നിരാശപ്പെടുത്തിയതാണ് ആഫ്രിക്കന്‍ നിരയ്ക്ക് തിരിച്ചടിയായത്. ശ്രീലങ്കയ്ക്ക് വേണ്ടി രങ്കണ ഹരാത്തും അഖില ധനഞ്ജയയും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ദില്‍റൂവന്‍ പെരേര ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top