ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് വമ്പന്‍ ജയം


ഗല്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് വമ്പന്‍ ജയം. കരുത്തരായ ദക്ഷിണാഫ്രിക്കന്‍ പടയെ 278 റണ്‍സിനാണ് ലങ്കന്‍ നിര മുട്ടുകുത്തിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ദില്‍റൂവന്‍ പെരേരയുടെ ബൗളിങാണ് ദക്ഷിണാഫ്രിക്കയെ നാണം കെട്ട സ്‌കോറിലൊതുക്കിയത്. രങ്കണ ഹരാത്ത് മൂന്നും ലക്ഷന്‍ സണ്ടകന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മൂന്നാം ദിനം നാല് വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ശ്രീലങ്ക 190 റണ്‍സിനുള്ളില്‍ കൂടാരം കയറി. ലങ്കന്‍ നിരയില്‍ ദിമുത് കരുണരത്‌ന (60), ഏഞ്ചലോ മാത്യൂസ് (35), നായകന്‍ സുരങ്ക ലക്മാല്‍ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നേടിയ  161 റണ്‍സ് ലീഡിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 352 റണ്‍സിന്റെ വിജയലക്ഷ്യവും ലങ്ക സമ്മാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് വിക്കറ്റും കഗിസോ റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി.
എന്നാല്‍ 352 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. എയ്ഡന്‍ മാര്‍ക്രം (19), വെര്‍ണോന്‍ ഫിലാണ്ടര്‍ (22*), ക്വിന്റന്‍ ഡീകോക്ക് (10) എന്നിവര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 287 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 126 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും (158*) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ ദിമുത് കരുണരത്‌നയാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മല്‍സര പരമ്പരയില്‍ 1-0ന് ശ്രീലങ്ക മുന്നിലെത്തി.

RELATED STORIES

Share it
Top