ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് പരമ്പര


കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്. രണ്ടാം ടെസ്റ്റില്‍ 199 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ആതിഥേയരായ ശ്രീലങ്ക രണ്ട് മല്‍സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 490 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകരുടെ പോരാട്ടം 290 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ രങ്കണ ഹരാത്തിന്റെ ബൗളിങാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ഇന്നലെ അഞ്ച് വിക്കറ്റിന് 139 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ത്യൂനിസ് ഡി ബ്രൂയിന്റെ (101) സെഞ്ച്വറി പ്രകടനമാണ്. സ്പിന്നര്‍മാര്‍ കളം കീഴടക്കിയ മല്‍സരത്തില്‍ 232 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ ഉള്‍പ്പെടെയാണ് ബ്രൂയിന്‍ സെഞ്ച്വറി നേടിയത്. ടെംബ ബാവുമ (63) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ദില്‍റൂവന്‍ പെരേര, അഖില ധനഞ്ജയ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ട് ഹരാത്തിന് മികച്ച പിന്തുണയേകി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 124 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ നേടിയ 124 റണ്‍സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 490 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുകയായിരുന്നു.
പരമ്പരയിലുടെനീളം മികച്ച പോരാട്ടം പുറത്തെടുത്ത ദിമുത് കരുണരത്‌നയാണ് കളിയിലെയും പരമ്പരയിലെയും താരം.

RELATED STORIES

Share it
Top