ത്രിരാഷ്ട്ര വനിതാ ട്വന്റി20 കിരീടം ആസ്‌ത്രേലിയക്ക്
മുംബൈ: ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറിയ ആസ്‌ത്രേലിയന്‍ വനിതാ ടീം മുംബൈയില്‍ വച്ച് നടന്ന ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പര കിരീടം ചൂടി. ഫൈനലില്‍ ഇംഗ്ലണ്ടിനെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആസ്‌ത്രേലിയ കിരീടത്തില്‍ മുത്തമിട്ടത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 45 പന്തില്‍ 16 ഫോറുകളും ഒരു സിക്‌സറും സഹിതം പുറത്താവാതെ 88 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഓസീസിന് വിജയം സമ്മാനിച്ചത.് ലാനിങ് തന്നെയാണ് കളിയിലെ താരവും. ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മേഗന്‍ സ്‌കട്ടാണ് പരമ്പരയിലെ താരം. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം നാലാം വിക്കറ്റില്‍ ലാനിങും എലിസി വില്ലാനിയും(30 പന്തില്‍ 51) ചേര്‍ന്ന് ടീമിന്റെ രക്ഷക വേഷം കെട്ടുകയായിരുന്നു. ഇരുവരം ചേര്‍ന്ന് 13 ഓവറില്‍ 139 റണ്‍സാണ് അടിച്ചെടുത്തത്.   ഇംഗ്ലണ്ട് നിരയില്‍ നഥാലി സ്‌കിവര്‍ 50 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. ആസ്‌ത്രേലിയന്‍ ബൗളിങ് നിരയില്‍ മേഗന്‍ സ്‌കട്ട് മൂന്നും കിമ്മിന്‍സും ഗാര്‍ഡ്‌നറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ എല്ലിസ പെറി ഒരു വിക്കറ്റും വീഴ്ത്തി.

RELATED STORIES

Share it
Top