ത്രിരാഷ്ട്ര വനിതാ ട്വന്റി20: ഇന്ത്യ ഇന്ന് ഓസീസിനെതിരേമുംബൈ: ഇന്ന് മുംബൈയില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര വനിതാ ട്വന്റി 20 പരമ്പരയുടെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യന്‍ ടീം ആസ്‌ത്രേലിയയെ നേരിടും. ഇവരെക്കൂടാതെ ഇംഗ്ലണ്ടാണ് മറ്റൊരു ടീം. ഓരോ ടീമും മറ്റ് ടീമുകളോട് രണ്ട് മല്‍സരം വീതം കളിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. നേരത്തേ, ഇന്ത്യയില്‍ വച്ച് നടന്ന മൂന്ന് ഏകദിന മല്‍സരത്തിലും പരാജയം നേരിട്ടതിന്റെ കണക്കുവീട്ടാനുറച്ചാവും ഇന്ത്യന്‍ പെണ്‍പട ചിരവൈരികളായ ആസ്‌ത്രേലിയയെ നേരിടുക. മിതാലി രാജിന് പകരം ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ നിരയെ നയിക്കുമ്പോള്‍ മെഗ് ലാനിങിന്റെ കീഴിലാണ് സന്ദര്‍ശകര്‍ ഇറങ്ങുന്നത്. ആസ്‌ത്രേലിയയെ നേരിടുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ട്വന്റി20 മല്‍സര പരമ്പരയില്‍ 3-1ന് വെന്നിക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയപ്പട ഇന്ന് പാഡണിയുന്നത്. ശേഷമാണ് ആസ്‌ത്രേലിയയോട് സ്വന്തം മണ്ണില്‍ ഇന്ത്യ 3-0ന് കീഴടങ്ങിയത്. എന്നാല്‍ ഏകദിനത്തിലാണ് തങ്ങള്‍ കീഴടങ്ങിയതെന്നത് ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസം പകരുന്നു. അവസാന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ നാണക്കേടില്‍ നിന്ന് കര കയറ്റിയ വൈസ് ക്യാപ്്റ്റന്‍ സ്മൃതി മന്ദാനയിലേക്കാണ് ഇന്ത്യന്‍ പട ഉറ്റുനോക്കുന്നത്. എന്നാല്‍ ഫോം കണ്ടെത്താന്‍ ശ്രമിക്കുന്ന മിതാലി രാജിന്റെയും ഹര്‍മന്‍പ്രീതിന്റെയും അസ്ഥിരതയാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇവര്‍ രണ്ട് പേരും മികച്ച ഫോമില്‍ ബാറ്റേന്തിയാല്‍ ഇന്ത്യയ്ക്ക് കിരീടം സ്വപ്‌നം വിദൂരമല്ല.

RELATED STORIES

Share it
Top