ത്രിപുര: സത്യപ്രതിജ്ഞ വെള്ളിയാഴ്ച

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി നിയമസഭാകക്ഷി നേതാവായി ബിപ്ലബ് കുമാര്‍ ദേബിനെ തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന ബിജെപിയുടെ അധ്യക്ഷനാണു ദേബ്. വെള്ളിയാഴ്ച മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.
പാര്‍ട്ടി എംഎല്‍എ സുദിപ് റോയ് ബര്‍മനാണു ദേബിന്റെ പേര് നിയമസഭാ കക്ഷി യോഗത്തില്‍ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തതാഗത റോയ് ദേബിനെ ക്ഷണിച്ചിട്ടുണ്ട്. ദേബിനെ നേതാവായി തിരഞ്ഞെടുത്ത വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചത്. എംഎല്‍എ ജിഷ്ണുദേബ് ബര്‍മയായിരിക്കും ഉപമുഖ്യമന്ത്രിയെന്നു നിയമസഭാകക്ഷി യോഗത്തില്‍ നിരീക്ഷകനായി പങ്കെടുത്ത ഗഡ്കരി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവരെ ക്ഷണിക്കുമെന്ന് ദേബ് പറഞ്ഞു. തന്നെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിപദം ആദിവാസി സമുദായത്തില്‍ പെട്ട ആള്‍ക്ക് നല്‍കണമെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ആവശ്യപ്പെട്ടു. നിയമസഭാ കക്ഷി യോഗത്തില്‍ ഐപിഎഫ്ടി എംഎല്‍എമാര്‍ ആരും പങ്കെടുത്തില്ല. മാന്യമായ സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് ഐപിഎഫ്ടി കഴിഞ്ഞദിവസം ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ പുറത്തുനിന്നുള്ള പിന്തുണ മാത്രമായിരിക്കും സര്‍ക്കാരിനു നല്‍കുകയെന്നും പാര്‍ട്ടി വ്യക്തമാക്കി. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന് തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് കിട്ടിയത്. 35 ബിജെപിക്കും എട്ടെണ്ണം ഐപിഎഫ്ടിക്കും.

RELATED STORIES

Share it
Top