ത്രിപുര: ബിപ്ലബ് ദേബ് വ്യാഴാഴ്ച അധികാരമേറ്റേക്കും

അഗര്‍ത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി 48കാരനായ ബിപ്ലബ് കുമാര്‍ ദേബ് വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നിയമസഭാ സാമാജികരുടെ യോഗത്തിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. രണ്ടരപ്പതിറ്റാണ്ട് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സിപിഎമ്മിനെ നിലംപരിശാക്കിയാണ് ഇവിടെ ബിജെപി സഖ്യം ഭരണത്തിലേറുന്നത്.
ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)യുമായി കൈകോര്‍ത്ത് 60 അംഗ നിയമസഭയില്‍ 43 സീറ്റാണ് ബിജെപി സഖ്യം നേടിയത്. ആര്‍എസ്എസ് പരിശീലനം സിദ്ധിച്ച ബിപ്ലബ് ദേബ് 15 വര്‍ഷം ഡല്‍ഹിയില്‍ ജിംനേഷ്യം പരിശീലകനായി ജോലി നോക്കിയതിനുശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.  അതിനിടെ, മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ പുതിയ സര്‍ക്കാരിന് പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന് ഐപിഎഫ്ടി നേതാവ് എന്‍ സി ദേബ് ബര്‍മ പറഞ്ഞു. നേരത്തേ, ത്രിപുരയിലെ അടുത്ത മുഖ്യമന്ത്രി ആദിവാസിയായിരിക്കണമെന്ന് ഐപിഎഫ്ടി ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, മേഘാലയയില്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മേഘാലയയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.
21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചിരുന്നില്ല. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാങ്മ സ്ഥാപിച്ച നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഭരണം സ്വന്തമാക്കാനുള്ള ബിജെപി നീക്കമാണ് ഫലം കണ്ടത്. 60 അംഗ നിയമസഭയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കഴിഞ്ഞദിവസം സാങ്മ ഗവര്‍ണറെ കണ്ടിരുന്നു.

RELATED STORIES

Share it
Top