ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര ആക്രമണം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി സഖ്യത്തിന് ഭരണം ലഭിച്ചതോടെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ സംഘപരിവാര ആക്രമണം. സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും വീടുകള്‍ക്കും  നേരെയായിരുന്നു ആക്രമണം. സിപിഎം നേതാക്കള്‍ ത്രിപുര ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.
ബിശാല്‍ഗര്‍, ഖോവായി, മോഹന്‍പൂര്‍, സബ്രൂം, ഖോംലംഗ്, മേലാഗര്‍, ജിറാനിയ, ബെലോണിയ, രാംനഗര്‍, അഗര്‍ത്തലയിലെ സൗത്ത് രാംനഗര്‍ തുടങ്ങി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ആക്രമണം ഉണ്ടായതായി സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. ത്രിപുരയിലെ പല ഭാഗത്തും സഖാക്കളുടെ ഓഫിസുകളും വീടുകളും തകര്‍ക്കപ്പെട്ടതായി എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രി മാത്രം 200ലധികം സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സിപിഎം എംപി ജിതേന്ദ്ര ചൗധരി പറഞ്ഞു. തങ്ങളുടെ പല പോളിങ് ഏജന്റുമാരും വീടുവിട്ട് കൂട്ടുകാരുടെ വീട്ടില്‍ അഭയം തേടിയെന്നും കുടുംബങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഫേസ്ബുക്ക് വഴി പുറത്തുവിട്ട 19കാരിക്കെതിരേ സംഘപരിവാര പ്രവര്‍ത്തകര്‍ വധഭീഷണിയും ബലാല്‍സംഗ ഭീഷണിയും മുഴക്കി. നരേന്ദ്ര മോദിയെക്കുറിച്ച് ഇനിയും എന്തെങ്കിലുമെഴുതിയാല്‍ ബലാല്‍സംഗം ചെയ്യുമെന്ന് ഐപിഎഫ്ടി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയായി ത്രിപുരയിലെ ഖോവായ് സ്വദേശിയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

RELATED STORIES

Share it
Top