ത്രിപുരയില്‍ ജനാധിപത്യമല്ല, പണാധിപത്യമാണ് വിജയിച്ചതെന്ന് കോടിയേരി

കോട്ടയം: ത്രിപുരയില്‍ ജനാധിപത്യത്തിന്റേതല്ല, പണാധിപത്യത്തിന്റെ വിജയമാണ് നടന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.
മൂന്നുവര്‍ഷം ആര്‍എസ്എസും ബിജെപിയും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇടതുപക്ഷ സര്‍ക്കാരിന് പുറത്തുപോവേണ്ടിവന്നത്. 25 ലക്ഷം ജനസംഖ്യ മാത്രമുള്ള ത്രിപുരയില്‍ 52 കേന്ദ്രമന്ത്രിമാര്‍ ഒരു വര്‍ഷത്തോളം തമ്പടിച്ച് പ്രചാരണം നടത്തി. കോടിക്കണക്കിനു രൂപയാണ് അവിടെ ആര്‍എസ്എസ് ചെലവഴിച്ചത്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണും കേന്ദ്രസര്‍ക്കാര്‍ ജോലിയുമാണ് വാഗ്ദാനം നല്‍കിയത്.
ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദികളുമായി ബിജെപി സഖ്യമുണ്ടാക്കി. ത്രിപുര വിഭജിക്കണമെന്ന അവരുടെ ആവശ്യവും ബിജെപി അംഗീകരിച്ചു. അധികാരത്തിനായി ദേശീയത പ്രചരിപ്പിക്കുന്ന ആര്‍എസ്എസ് വിഘടനവാദികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് ത്രിപുരയില്‍ മുന്നണിയുണ്ടാക്കിയത്.
കശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതും അധികാരത്തിലെത്താനാണ്. രണ്ടു വോട്ട് കിട്ടാനായി വരുംകാലത്ത് ഐഎസുമായും കേരളത്തില്‍ മുസ്‌ലിംലീഗുമായും കൂട്ടുകൂടാന്‍ ബിജെപി മടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top