തോല്‍വി ശാപം മാറാതെ ബംഗളൂരു; ചെന്നൈക്ക് ആറ് വിക്കറ്റ് ജയംപൂനെ: ഐപിഎല്ലിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറ് വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ നിര വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ചെന്നൈ നിരയില്‍ അമ്പാട്ടി റായിഡു (32) ടോപ് സ്‌കോററായി. എം എസ് ധോണി (31*), ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ പുറത്താവാതെ നിന്നു. സുരേഷ് റെയ്‌ന (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേലിന്റെയും (53) വാലറ്റത്ത് ടിം സൗത്തിയും (36*) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗളൂരുവിനെ രക്ഷിച്ചത്. ബ്രണ്ടന്‍ മക്കല്ലം (5), വിരാട് കോഹ്‌ലി (8), എ ബി ഡിവില്ലിയേഴ്‌സ് (1), മന്ദീപ് സിങ് (7), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഹര്‍ഭജന്‍ സിങ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടും ഡേവിഡ് വില്ലി, ലൂക്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റം പങ്കിട്ടു.
ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ചെന്നൈ പട്ടികയുടെ തലപ്പത്തെത്തി. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ബംഗളൂരു ആറാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top