തോല്‍വി വിജയമാക്കിയ ഹുദൈബിയാ സന്ധി


വിശുദ്ധ മക്കയിലേക്കു തീര്‍ത്ഥാടനമുദ്ദേശിച്ചു പുറപ്പെട്ട പ്രവാചകനും അനുയായികളും ഖുറൈശികളുടെ എതിര്‍പ്പു കാരണം യാത്ര തുടരാനാവാതെ ഹുദൈബിയായില്‍ തമ്പടിച്ചിരിക്കുകയാണ്.സന്ധി സംഭാഷണങ്ങള്‍ക്കായി ഇരൂപക്ഷത്തും ദൂതന്‍മാര്‍ എത്തി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുന്നു.മുസ്‌ലിം പക്ഷത്തു നിന്നു ദൂതനായി പോയ ഉസ്മാന്‍ ബ്‌നു അഫാന്‍ മടങ്ങിയെത്തിയിട്ടുണ്ട്.
പ്രവാചകനും സംഘവും തീര്‍ത്ഥാടനം മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു ഖുറൈശികള്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു.പവിത്രമായ മാസങ്ങളില്‍ തീര്‍ത്ഥാടനം ഉദ്ദേശിച്ചു വരുന്നവരെ തടയാന്‍ പാടില്ലെന്നും അവര്‍ അംഗീകരിച്ചിരിക്കുന്നു.

എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ഖാലിദ്ബ്‌നു വലീദിന്റെ നേതൃത്വത്തില്‍ മുസലിംകളെ തടയാനും സൈനികമായി നേരിടാന്‍ ഒരുങ്ങാനും ഇടയായി.
കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് പ്രവാചകനും അനുയായികളും നിര്‍ബാധം മക്കയില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ തങ്ങള്‍ പരാജിതരായിരിക്കുന്നുവെന്ന് ഇതര അറബി ഗോത്രങ്ങള്‍ പറയാനിടയാവും.അതാകട്ടെ തങ്ങള്‍ കഅ്ബയുടെ ഊരാളന്‍മാരെന്ന സ്ഥാനത്തിനു ഇളക്കം തട്ടാനിടയാക്കും.അതുകൊണ്ട് ഈ വര്‍ഷം മുസ്‌ലിംകള്‍ മടങ്ങിപ്പോകണം.അല്ലാത്ത പക്ഷം യുദ്ധം ചെയ്യാന്‍ ഖുറൈശികള്‍ നിര്‍ബന്ധിതരാവും. പ്രശ്‌ന പരിഹാരത്തെക്കുറിച്ച് ഇരു കൂട്ടര്‍ക്കും കൂട്ടായി ചര്‍ച്ചകള്‍ നടത്താവുന്നതാണ്. ഇതായിരുന്നു ഉസ്മാന്‍ പ്രവാചകനു നല്‍കിയ വിവരം.
സന്ധി സംഭാഷണങ്ങള്‍ പുനരാരംഭിച്ചു. ഖുറൈശികള്‍ സുഹൈല്‍ ബിന്‍ അംറിനെ ദൗത്യവാഹകനായി നിയോഗിച്ചു.'മുഹമ്മദ് ഈ വര്‍ഷം മടങ്ങിപ്പോവുന്നതല്ലാത്ത ഒരു സന്ധിയുമുണ്ടാകരുത്.അയാള്‍  നമ്മെ മറികടന്നു മക്കയില്‍ പ്രവേശിച്ചുവെന്ന് പറയാന്‍  ഇതര അറബികള്‍ക്ക് അവസരം നല്‍കരുത്. ഖുറൈശികള്‍ സുഹൈലിനോട് മുന്‍ കൂറായി പറഞ്ഞു വെച്ചു.
സുഹൈല്‍ പ്രവാചക സന്നിധിയിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു. മുസ്‌ലിംകള്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കാതെ മടങ്ങണമെന്ന ഖുറൈശികളുടെ നിബന്ധന സ്വാഭാവികമായും ചര്‍ച്ചകളെ ദീര്‍ഘിപ്പിച്ചു. എങ്കിലും ഇരു പക്ഷവും സമാധാന കാംക്ഷ കൈവിട്ടില്ല. സുഹൈലിന്റെ കടുംപിടുത്തം നിമിത്തം പലപ്പോഴും ചര്‍ച്ചകള്‍ അലസിപ്പോവുന്ന ഘട്ടങ്ങള്‍ ഉണ്ടായെങ്കിലും പ്രവാചകന്റെ വീട്ടുവീഴ്ചാ മനസ്ഥിതി കാര്യങ്ങള്‍ മുന്നോട്ടു നീക്കി. ഒരു കാര്യത്തിലും സുഹൈല്‍ അണുവിട വിട്ടു വീഴ്ചക്കു തയ്യാറാവാത്തതും ഓരോ സന്ദര്‍ഭത്തിലും പ്രവാചകന്‍ വിട്ടു വീഴ്ച ചെയ്യുന്നതും കണ്ട് പ്രവാചകനു ചുറ്റുമുണ്ടായിരുന്ന വിശ്വാസികള്‍ അസ്വസ്ഥരായി. പ്രവാചകന്റെ ആത്മാര്‍ഥയിലും വിശ്വസ്തതയിലും അടിയുറച്ച വിശ്വാസമുളളതു കൊണ്ടു മാത്രം അവര്‍ ക്ഷമയവലംബിച്ചു.
വിശ്വാസികളുടെ എതിര്‍പ്പും മുറുമുറുപ്പുകളും വകവെക്കാതെ പ്രവാചകന്‍ കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചു. ഇരുപക്ഷവും ചേര്‍ന്നു  യുദ്ധമില്ലാ  കരാറിലെ വ്യവസ്ഥകള്‍ തയ്യാറാക്കി. ഈ വര്‍ഷം പ്രവാചകനും കൂട്ടരും ഉംറ നിര്‍വഹിക്കാതെ മടങ്ങിപ്പോകണം. അടുത്ത വര്‍ഷം  മക്കയില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിക്കാന്‍ അവര്‍ക്കവിടെ മൂന്നു ദിവസം താമസിക്കാം. ഖുറൈശികളുടെ പക്ഷത്തു നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്ക് വിശ്വാസികളായി വരുന്നരെ ഖുറൈശികളിലേക്കു തന്നെ മടക്കി അയക്കണം. എന്നാല്‍ മുസ്‌ലിംകളുടെ പക്ഷത്തു നിന്നു വരുന്നവരെ തിരിച്ചയക്കുന്നതല്ല. ഇരു കൂട്ടര്‍ക്കും ഇതര അറബി ഗോത്രങ്ങളുമായി സന്ധിയിലേര്‍പ്പെടാവുന്നതും അതു വഴി കരാറില്‍ പങ്കാളികളാക്കാവുന്നതുമാണ്,് തുടങ്ങിയവയായിരുന്നു കരാറിലെ വ്യവസ്ഥകള്‍.പ്രത്യക്ഷത്തില്‍ മുസലിംകള്‍ക്കു തീര്‍ത്തും പ്രതികൂലമെന്നു തോന്നാവുന്ന വ്യവസ്ഥകള്‍ അവരില്‍ കടുത്ത മനോവിഷമമുളവാക്കി.
കരാറില്‍ ഒപ്പു വെച്ചു കഴിഞ്ഞ ഉടനെയായിരുന്നു സന്ദേശ വാഹകനായ സുഹൈലുബിന്‍ അംറിന്റെ വിശ്വാസിയായ മകന്‍ അബൂജന്‍ദല്‍ പിതാവിന്റെ തടവറയില്‍ നിന്നും രക്ഷപ്പെട്ട് മര്‍ദ്ദനമേറ്റ പാടുകളോടെ വിശ്വാസികളോടൊപ്പം ചേരാനായി എത്തിയത്. അബൂജന്‍ദലിന്റെ ദീനരോദനം വകവെക്കാതെ കരാര്‍ മാനിച്ചു കൊണ്ട് പ്രവാചകന്‍ അദ്ദേഹത്തെ തിരിച്ചയച്ചു. സുഹൈല്‍ മകന്റെ മുടി പിടിച്ചു വലിച്ചു മുഖത്തടിച്ചു തിരിച്ചു കൊണ്ടു പോയി. ഹൃദയഭേദമായ ഈ രംഗം കണ്ട വിശ്വാസികള്‍ കടുത്ത അസ്വസ്ഥരായി. പല പ്രധാനപ്പെട്ട സഹാബികള്‍ക്കും തങ്ങളുടെ ആത്മ രോഷം അടക്കാനായില്ല.
ഉമറുബ്‌നുല്‍ ഖത്താബ് പ്രവാചകനോട് നേരിട്ടു തന്നെ ചോദിച്ചു -വിശ്വാസികളായിട്ടും എന്തിനാണ് തങ്ങളീ പതിത്വം ഏറ്റുവാങ്ങുന്നതെന്ന്.  'താന്‍ അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും അല്ലാഹുവിന്റെ കല്‍പനയെ താന്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും അവന്‍ ഒരിക്കലും തന്നെ പാഴാക്കിക്കളയുകയുമില്ലെന്നും റസൂല്‍ ഉമറിനെ സമാശ്വസിപ്പിച്ചു.

പ്രവാചകന്‍ അനുയായികളോട് തല മുണ്ഡനം ചെയ്യാനും ബലിയറുക്കാനും ഇഹ്‌റാമില്‍ നിന്ന് വിരമിക്കാനും കല്‍പിച്ചു. മനോവേദനയാല്‍ ഇതികര്‍തവ്യഥാ മൂഢരായി ഇരിക്കുവാനേ വിശ്വാസികള്‍ക്കു സാധിച്ചുളളൂ. മൂന്നു തവണ പ്രവാചകന്റെ ആഹ്വാനം കേട്ടിട്ടും ആരും സ്വസ്ഥാനങ്ങളില്‍ നിന്ന് അനങ്ങിയില്ല. പ്രവാചകന്‍ എഴുന്നേറ്റ് സ്വന്തം ബലി മൃഗത്തെ അറുത്തു. ക്ഷുരകനെ വിളിച്ച് തല മുണ്ഡനം ചെയ്തു. അതു കണ്ട് തങ്ങള്‍ ചെയ്ത ഗുരുതരമായ അച്ചടക്ക ലംഘനത്തില്‍ പശ്ചാത്താപ വിവശരായ അവര്‍ ധൃതിയില്‍ ബലിയറുക്കാനും തല മുണ്ഡനം ചെയ്യാനും ആരംഭിച്ചു.
യുദ്ധം ചെയ്തു വിജയിക്കുകയോ അല്ലെങ്കില്‍ ധീരമായി പൊരുതി വീരമൃത്യു വരിക്കുകയോ ചെയ്യുക അല്ലാതെ മറ്റൊന്നും അവര്‍ക്കറിയുമായിരുന്നില്ല. അതിനാല്‍ ഹുദൈബിയാ സന്ധി തങ്ങള്‍ക്കേറ്റ മഹാ പരാജയവും അപമാനവുമാണെന്നാണ് വിശ്വാസികള്‍ കരുതിയത്. മദീനയിലേക്കു മടങ്ങാനുളള പ്രവാചകന്റെ കല്‍പന അവര്‍ മനമില്ലാ മനസ്സോടെയാണ് അംഗീകരിച്ചത്.
എങ്കിലും അല്ലാഹുവിന്റെ ദൂതനെ അവന്‍ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലും അടുത്ത വര്‍ഷം മക്കയിലേക്കു പ്രവേശിക്കാമെന്ന പ്രതീക്ഷയിലും അവര്‍ മദീനയിലേക്കു മടങ്ങി.വഴി മദ്ധ്യേ ഹുദൈബിയാ സന്ധി  വന്‍ വിജയമാണെന്നു പ്രഖ്യാപിച്ചു കൊണ്ടു പ്രവാചകനു ദിവ്യ ബോധനം ലഭിച്ചു.പ്രവാചകന്‍  വിശ്വാസികളെ വിളിച്ചു കൂട്ടി പറഞ്ഞു: ഇന്നെനിക്ക് ഈ ലോകത്തെയും അതിലുളള സകലത്തെതിനേക്കാളും വിലപ്പെട്ട ഒരു കാര്യം അവതീര്‍ണമായിരിക്കുന്നു. തുടര്‍ന്ന് പ്രവാചകന്‍ താഴെ പറയുന്ന  സൂക്തങ്ങള്‍ പാരായണം ചെയ്തു:
'പ്രവാചകരേ,താങ്കള്‍ക്ക് നാം തെളിഞ്ഞ വിജയമരുളിയിരിക്കുന്നു. താങ്കളുടെ മുമ്പത്തേതും പിന്നത്തേതുമായ തെറ്റുകളൊക്കെയും പൊറുത്തു തരേണ്ടതിനും ദൈവാനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരേണ്ടതിനും നേര്‍വഴി കാട്ടേണ്ടതിനും അന്തസ്സാര്‍ന്ന സഹായമരുളേണ്ടതിനും വിശ്വാസികളുടെ ഹൃദയങ്ങളില്‍ സമാധാനം വര്‍ഷിച്ചത് അവനാകുന്നു.അതുവഴി അവരുടെ വിശ്വാസത്തോടൊപ്പം ഒന്നുകൂടി വിശ്വാസം വര്‍ധിക്കാന്‍. ആകാശ ഭൂമികളിലുളള സൈന്യങ്ങളൊക്കെയും അല്ലാഹുവിന്നധീനമാകുന്നു.അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 48 സൂറ അല്‍ ഫത്ഹ് 14)

RELATED STORIES

Share it
Top