തോല്‍പ്പിച്ചവനെ തോളില്‍ താങ്ങി റോണോ; താരത്തിന്റെ നന്‍മയെ പുകഴ്ത്തി ലോകം

മോസ്‌കോ: ടീമിന്റെ പരാജയത്തിന് കാരണക്കാരനായ എതിര്‍ ടീം താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പരിഹാസത്തോടെ നോക്കുന്നവര്‍ക്ക് വീണ്ടും മാതൃകയായി ലോകം വാഴ്ത്തും ഫുട്‌ബോള്‍ രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റഷ്യന്‍ ലോകകപ്പില്‍ മുത്തമിടാനുള്ള പോര്‍ച്ചുഗലിന്റെയും നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും സ്വപ്‌നങ്ങള്‍ ചീന്തിയെറിഞ്ഞ ഉറുഗ്വേയുടെ ഇരട്ടച്ചങ്കന്‍ എഡിന്‍സന്‍ കവാനിക്ക് പരിക്കേറ്റപ്പോഴാണ് റോണോ വീണ്ടും താരമായത്.
62ാം മിനിറ്റില്‍ പിഎസ്ജി താരം കവാനി നേടിയ ഗോളാണ് പറങ്കിപ്പടയുടെ ലോകകപ്പ് കിരീടം കീഴടക്കാമെന്ന മോഹത്തിന് വിള്ളല്‍ വീഴ്ത്തിയത്. തുടര്‍ന്ന് മല്‍സരത്തിനിടെ കവാനി താഴെ വീണപ്പോള്‍ താരത്തിന്റെ ഇരട്ടഗോള്‍ നേട്ടമൊന്നും കവാനിയെ സഹായിക്കുന്നതിന് റോണോയുടെ നന്‍മയുള്ള മനസ്സിന് തടസ്സമായില്ല. പരിക്കേറ്റ് നടക്കാന്‍ വിഷമിച്ച കവാനിയെ തോളില്‍ താങ്ങി ചികില്‍സയ്ക്കായി പുറത്തേക്കു നയിച്ച റോണോയെ നിശ്‌നി നൊവോഗോറോഡിലെ പതിനായിരക്കണക്കിന് കാണികളും ലോകത്തെ കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകരും കൈയടികളോടെയാണു സ്വീകരിച്ചത്.
പരാജയത്തിലേക്കു നടന്നടുത്തുകൊണ്ടിരിക്കുന്ന പോര്‍ച്ചുഗല്‍ നായകനെ സംബന്ധിച്ചിടത്തോളം നിരാശയും ദേഷ്യവും അസ്വസ്ഥതയുമൊക്കെ പുകയുന്ന സമയമായിരുന്നു അത്. പരിക്കേറ്റ ഒരാളെ തിരിഞ്ഞു നോക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം.
എന്നാല്‍, അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് ആ പ്രതിസന്ധിഘട്ടത്തിലും ഒട്ടും കോട്ടം സംഭവിച്ചില്ല. ഏത് വിഷമസന്ധിയെയും ചിരിച്ചുകൊണ്ട് തല ഉയര്‍ത്തി നേരിടുന്ന റോണോയുടെ പ്രതിരൂപംതന്നെയായിരുന്നു കവാനിയെ സഹായിക്കുമ്പോഴും കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് പോര്‍ച്ചുഗല്‍ നായകന്റെ നന്‍മയുള്ള മനസ്സിന് ലഭിച്ചത്.

RELATED STORIES

Share it
Top