തോറ്റുപോവാത്ത വാക്കുകള്‍

അധിനിവേശം വെറുമൊരു വാക്കല്ല ഒരു ജനതയുടെ സ്വപ്‌നത്തെ കരിച്ചുകളയുന്ന, ലോകത്തിന്റെ പിറവി മുതല്‍ ഉണ്ടായതും അവസാനം വരെ ഉണ്ടായിരിക്കാന്‍ സാധ്യതയുമുള്ള, മാരകമായ ഒരു പ്രക്രിയയാണ്. അതിര്‍ത്തികളില്ലാത്ത ലോകത്തെ സ്വപ്‌നം കാണുന്നവര്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ആശയംകൊണ്ട് ആശ തീര്‍ത്ത് മുന്നേറാന്‍ കൊതിക്കുന്ന ചില സ്വപ്‌നാടകരുടെ മൊഴികള്‍ ചരിത്രത്തെ നേരെ നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ചില സാധ്യതകളെ ഉത്തേജിപ്പിക്കുന്നതാണ് അബ്ദുല്ല പേരാമ്പ്രയുടെ അധിനിവേശവിരുദ്ധ കവിതകള്‍ എന്ന വിവര്‍ത്തന കവിതകളുടെ സമാഹാരം. വിവര്‍ത്തനം സര്‍ഗാത്മകമാവുമ്പോള്‍ മാത്രമേ കവിതയിലെ ജീവന്റെ തുടിപ്പുകള്‍ പുറത്തെത്തൂ. കവിതയുടെ രാഷ്ട്രീയവും അര്‍ഥവും ഒട്ടും ചോരാതെയാണ് കവി കൂടിയായ അബ്ദുല്ല സൂക്ഷ്മതയോടെ ഈ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത്.

കെ.ഇ.എന്നിന്റെ പ്രൗഢഗംഭീരമായ അവതാരിക ഈ സമാഹാരത്തെ ഊര്‍ജസ്വലമാക്കുന്നുണ്ട്. സച്ചിദാനന്ദന്‍ മുതല്‍ അബ്ദുല്ല പേരാമ്പ്ര വരെയുള്ളവര്‍ തങ്ങളുടെ ഇടങ്ങളില്‍ നിന്നുകൊണ്ട് പൊതുവില്‍ നിര്‍വഹിക്കുന്നത് വെറും മൊഴിമാറ്റമല്ല, മൊഴികലാപങ്ങളാണെന്ന് കെ.ഇ.എന്‍. ചൂണ്ടിക്കാട്ടുന്നു. മഹമൂദ് ദര്‍വീശ് എന്ന ലോകകവിയുടെ പൊള്ളുന്ന ചോദ്യങ്ങള്‍, മാനവരാശിയെ സ്‌നേഹിക്കുന്നവര്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കും. സ്വന്തം മണ്ണിനു വേണ്ടി പോരാടുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് ദര്‍വീശ് കവിതകളുടെ സത്ത. ചീസുവാ അച്ചാവേ എന്ന നൈജീരിയന്‍ കവി നിര്‍വഹിക്കുന്ന രാഷ്ട്രീയ പോരാട്ടം അടിമകളായ കറുത്തവര്‍ഗക്കാരുടെ മോചനമാണ്. കവിത ഉന്നയിക്കുന്ന അഗാധമായ ചോദ്യങ്ങള്‍ ഭരണവര്‍ഗത്തിന്റെ കാപട്യത്തെ തുറന്നുകാട്ടും. നിര്‍മല്‍ പ്രഭ ബര്‍ദോളോയ് എന്ന അസമീസ് കവി നിശ്ശബ്ദ കോപം എന്ന കവിതയില്‍ ഇങ്ങനെ മൊഴിയുന്നു:

'നിശ്ശബ്ദമായ കോപത്താല്‍അടുത്തടുത്തിരുന്നു ഒരുപക്ഷേആ നിമിഷത്തിലാവുംനാം നമ്മെ തന്നെഏറ്റവും ആഴത്തിലറിഞ്ഞത്മറ്റേതൊരു നിമിഷത്തിലും അറിഞ്ഞതിനേക്കാള്‍'അഹ്മദ് ഫറാസ് എന്ന പാകിസ്താനി കവിയുടെ ഞാന്‍ ജീവിക്കുന്നുണ്ട് എന്ന കവിത     ഇങ്ങനെയാണ് തുടങ്ങുന്നത്:  'ഞാനിപ്പോഴും ജീവിക്കുന്നുണ്ട്നിങ്ങള്‍ കല്ലെറിഞ്ഞിട്ടുംപീഡിപ്പിച്ചിട്ടും കുരിശേറ്റിയിട്ടും വിഷം തന്നിട്ടും ചുട്ടെരിച്ചിട്ടും ഞാനിപ്പോഴും ജീവിക്കുന്നുണ്ട്.' ആ കവി തന്നിലൂടെ സ്വന്തം ജനതയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. വിശ്വമഹാകവി പാബ്ലോ നെരൂദയുടെ വരികളുടെ ആഴവും അര്‍ഥവും പ്രണയ വിരഹങ്ങളും ലോകം എത്ര ആര്‍ത്തിയോടെയാണ് കോരിക്കുടിച്ചത്. പ്രണയത്താല്‍ തപിപ്പിക്കപ്പെട്ട അദ്ദേഹം എഴുതുന്നു: 'പ്രണയം വിശപ്പായി ചുറ്റിവരിഞ്ഞപ്പോള്‍തീചുംബനങ്ങളായി നാംപരസ്പരം ഒന്നായിത്തീര്‍ന്നു.അതിന്റെ മുറിവുകളിന്നുമുണ്ട്. എന്നാലും- എനിക്കുവേണ്ടി കാത്തുനില്‍ക്കണം നീ. നിന്റെ മധുരംഎനിക്കായി കരുതിവച്ചേക്കണംഞാന്‍ നിനക്ക്തീര്‍ച്ചയായും ഒരു പനിനീര്‍ തരും.'

ഗ്രീസിന്റെ കവിയായ നാസിം ഹിക്മത്തിന്റെ മരിച്ച പെണ്‍കുട്ടി നമ്മുടെ മനസ്സിന്റെ വാതിലിലാണ് നിരന്തരം മുട്ടിക്കൊണ്ടേയിരിക്കുന്നത്:'ഞാന്‍ നിങ്ങളുടെ വാതിലില്‍മുട്ടിവിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ എത്രയെത്ര വാതിലുകളില്‍...! പക്ഷേ, ആരുമെന്നെ കണ്ടതേയില്ല.മരണമെന്നെ കണ്ടെത്തുന്നതുവരെ!'ഫലസ്തീന്‍ യുവകവി ഹൂദാ ഓര്‍ഫാലി, ബഗ്ദാദിലെ ദുന്‍യാ മീഖായേല്‍, കുര്‍ദ് കവി ലത്തീഫ് ഹല്‍മറ്റ്, ഇംഗ്ലണ്ടിന്റെ കവി എമിലി ബ്രോണ്ടി, അറേബ്യന്‍ കവി അഡോണിസ്, ബംഗാളി കവി മല്ലിക സെന്‍ഗുപ്ത, ശ്രീലങ്കന്‍ കവി മൈക്കല്‍ ഒണ്ടാജേ, റഷ്യന്‍ കവി അന്ന അഹ്മത്തോവ, മായാ അഞ്ചലു, ജയന്ത മഹാപത്ര, ലൈയാഗി, താരിഖ് അല്‍ കിസ്വാനി, നിസാര്‍ ഖബ്ബാനി, തോമസ് സി മൗണ്ടേന്‍, അസംഅല്‍ മൂസാവി, അരുണിമ സോലിയ, മീഷാവോജിങ് വരെ എത്തുമ്പോള്‍ അധിനിവേശവിരുദ്ധ കവിത പൂര്‍ത്തിയാവുന്നു.

നിലനില്‍ക്കുന്ന ലോകത്തെ കുറിച്ചുള്ള ആശങ്കകളും അസ്വസ്ഥതകളും വൈകാരികമായി ആഴത്തില്‍ രേഖപ്പെടുത്താന്‍ ഈ സമാഹാരത്തിലെ എല്ലാ കവികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. സ്‌നേഹത്തിനു വേണ്ടിയുള്ള ഓട്ടമല്ല, അപരനെ തോല്‍പ്പിക്കാനുള്ള ഓട്ടമാണ് ലോകം മുഴുവന്‍. അവിടെയാണ് ഭാഷകൊണ്ട് മനോഹരമായ സൗധങ്ങള്‍ പണിതു നമ്മെ നന്മയിലേക്കു നയിക്കാന്‍ ഈ സമാഹാരത്തിലെ കവിതകള്‍ ക്ഷണിക്കുന്നത്. മലയാള വിവര്‍ത്തനസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു പുസ്തകമാണിത്. ആഴമുള്ള വായനയ്ക്കും അണയാത്ത മനുഷ്യസ്‌നേഹത്തിനും മാതൃകയാക്കാവുന്ന ഉത്തമ കാവ്യഗ്രന്ഥം.             ി

RELATED STORIES

Share it
Top