തോരാ മഴ; തീരാ ദുരിതം

മലപ്പുറം/പൊന്നാനി/എടക്കര/ അരീക്കോട്: ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ നാശ നഷ്ടം. കടലോര പ്രദേശങ്ങളിലും മലയോര മേഖലകളിലും കനത്ത നഷ്ടങ്ങളുണ്ടായിട്ടുണ്ട്. മലയോരമേഖലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. പുഴകള്‍ അപകടകരമാംവിധം കരകവിഞ്ഞൊഴുകി വ്യാപക കൃഷി നാശമുണ്ടായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി റവന്യു-പോലിസ് വകുപ്പുകളും സജീവമായിട്ടുണ്ട്.
എടക്കരയിലെ ചുങ്കത്തറ പെരുമ്പൊയില്‍ക്കുന്ന് തലക്കോട്ടുപുറത്ത് സുലൈഖ, ആനമറിയിലെ പുന്നപ്പാല നജീബ്, നല്ലംതണ്ണിയിലെ പ്രകാശ് എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു. നിറഞ്ഞൊഴുകുന്ന പുഴയുടെ പാലങ്ങളിലെ കൈവരികളില്‍ തൂങ്ങി അപകടകരമംവിധം അതിസാഹസ പ്രവൃത്തിയിലേര്‍പ്പെട്ട യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പുന്നപ്പുഴയിലെ മുപ്പിനി പാലത്തിലും മുട്ടിക്കടവ് പാലത്തിലും അഭ്യാസത്തിനിറങ്ങിയ ഏതാനും യുവാക്കളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ താക്കീത് നല്‍കി വിട്ടയച്ചു. ചാലിയാര്‍, പുന്നപുഴ, കരിമ്പുഴ, കുതിര പുഴ, കാരക്കോടന്‍ പുഴ, കലക്കന്‍പുഴ, പാണ്ടി പുഴ, ഈഴുവതോട് എന്നിവ മുമ്പെങ്ങുമില്ലാത്ത വിധം കരകവിഞ്ഞൊഴുകുകയാണ്. പുന്നപ്പുഴയുടെ മുപ്പിനി, മുട്ടിക്കടവ് കോസ്‌വേകള്‍ക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. രണ്ട് കോസ് വേകളുടെയും കൈവരികള്‍ തകര്‍ന്നിട്ടുണ്ട്. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ പയ്യാനിത്തോടിന് കുറുകയുള്ള പാലം വെള്ളത്തിലായതിനെത്തുടര്‍ന്ന് നാല്, അഞ്ച് ബ്ലോക്കുകളിലെ തൊഴിലാളികളെ ബുധനാഴ്ച രാവിലെ ട്രാക്ടറിലാണ് തൊഴില്‍ സ്ഥലത്തേക്ക് കൊണ്ടുപോയത്. മേഖലയില്‍ ഏക്കര്‍ കണക്കിന് വാഴ, തെങ്ങ്, കമുക് തോട്ടങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി കര്‍ഷകരുടെ പറമ്പില്‍ കൂട്ടിയിട്ടിരുന്ന തേങ്ങ ഒലിച്ചുപോയി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനകം റിപോര്‍ട്ട് ചെയ്തത്. പൊന്നാനിയില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയില്‍ പള്ളപ്രത്ത് റോഡരികിലെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വൈകീട്ട് നാലോടെയാണ് മേഖലയില്‍ കനത്ത കാറ്റ് വീശിയത്. പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ അടിയില്‍ രാജേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഈ സമയം വീടിനകത്ത് രാജേഷും ഭാര്യയും ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതോടെ പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പൊന്നാനി- കുറ്റിപ്പുറം ദേശീയപാതയിലെ പള്ളപ്രത്ത് റോഡരികിലെ തണല്‍മരങ്ങള്‍ കടപുഴകി വീണതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പൊന്നാനി തെയ്യങ്ങാട് ഓം തൃക്കാവ് ക്ഷേത്രത്തിന് സമീപത്തെ പുല്ലാര രാജേഷിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല.
റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ചാലിയാര്‍ നിറഞ്ഞു കവിഞ്ഞതോടെ കടപുഴകിയെത്തിയ പന അരീക്കോട് തൂക്ക് പാലത്തിന്റെ പ്രധാന പില്ലറില്‍ കുടുങ്ങിയത് ഭീഷണിയായി. കുടുങ്ങിയ പനത്തടി നിരന്തരമായി പില്ലറില്‍ ഇടിക്കുന്നതുമൂലം തൂക്കുപാലത്തിന് കുലുക്കം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് അരിക്കോട് പോലിസില്‍ വിവരമറിയിച്ചത്. മഞ്ചേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി പിന്നീട് നീക്കംചെയ്തു. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്നതാണ് ഈ തൂക്കുപാലം. 2009 ലെ മൂര്‍ക്കനാട് തോണിയപകടത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കെല്‍ തൂക്കുപാലം നിര്‍മിച്ചത്. തുരുമ്പെടുത്ത് തുടങ്ങിയത് പാലത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top