തോരാത്ത മഴയില്‍ ആദിവാസി ഊരുകള്‍ മുഴുപ്പട്ടിണിയില്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍
അരീക്കോട്: മഴ ശക്തി പ്രാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി ഊരുകള്‍ പട്ടിണിയില്‍. ഓടക്കയം, പന്നിയാര്‍ മല, ചെക്കുന്ന് മൈലാടി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ആദിവാസികളാണ് പുറത്തിറങ്ങാന്‍ പോലുമാവാതെ ദുരിതത്തിലായത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലയിലെ മൈലാടി ആദിവാസി കോളനിയിലാണ് ഏറെ പരിതാപകരം. സമുദ്രനിരപ്പില്‍നിന്ന് 2,200 അടി ഉയരത്തിലുള്ള മൈലാടി കോളനിയില്‍ 17 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാറ്റും മഴയും കനത്തതോടെ ഊരില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ.്  ദുര്‍ഘടമായ വഴികള്‍ താണ്ടി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കടകളിലെത്താന്‍ കഴിയാത്തതിനാല്‍ കോളനികളില്‍നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് മുഴുവന്‍ കുടുംബങ്ങളും.
വഴി സൗകര്യമില്ലാത്തതും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കോളനിയിലേയ്ക്കുള്ള വഴി ക്വാറി ഉടമകള്‍ക്കു വേണ്ടി തഹസില്‍ദാര്‍ തടസപ്പെടുത്തിയതായി ആദിവാസികള്‍ പറഞ്ഞു. ആദിവാസികള്‍ പട്ടിണിയിലാണെന്നറിഞ്ഞതോടെ ചിലര്‍ സഹായവുമായി എത്തിത്തുടങ്ങിയിട്ടുണ്ട്. വയോജനങ്ങള്‍ക്കുള്ള ധാന്യക്കിറ്റ് വിതരണം വര്‍ഷത്തില്‍ ഒരു തവണയാക്കി ചുരുക്കിയത് ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഊരുകളില്‍ കഴിയുന്ന ഇവര്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭ്യമല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. മധുവിന്റെ അനുഭവം ചിലര്‍ പങ്കുവച്ചു.
സമൂഹം തങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് അറിയാത്തതുകൊണ്ട് കടകളിലേയ്്ക്കിറങ്ങാനും ഭയമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസികളെ ഉള്‍പ്പെടുത്താത്തതു കടുത്ത അവഗണനയാണെന്ന് ആദിവാസികള്‍ ആരോപിച്ചു. ട്രൈബല്‍ ഫണ്ട് കോടികളാണ് ഒഴുകുന്നത.് എന്നാല്‍, ആദിവാസികള്‍ക്ക് ലഭ്യമാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ പലതും തകര്‍ന്നിരിക്കയാണ്. ആദിവാസികള്‍ക്കുള്ള ഭവന പദ്ധതി ഫണ്ട് ഇടനിലക്കാരായ കരാറുകാര്‍ തട്ടിയെടുത്ത് വീട് നിര്‍മിച്ച് നല്‍കുന്നത് താമസ യോഗ്യമല്ലാത്തതാണ്. പണി പൂര്‍ത്തികരിച്ച് ദിവസങ്ങള്‍ക്കകം ചിലത് തകരുകയും നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതായും പരാതി ഉയരുന്നുണ്ട്. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പലതും അവഗണിക്കുകയാണ്. ആദിവാസി വിഭാഗങ്ങളുടെ ജില്ലാ ചുമതലയുള്ള കലക്ടര്‍ ആദിവാസികളുടെ വിഷയങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഓടിയെത്തുന്ന സഹായമല്ല തങ്ങള്‍ക്കാവശ്യമെന്ന് കോളനിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദുരിതമനുഭവിക്കുന്ന കോളനികളില്‍ അടിയന്തിരമായി സഹായമെത്തിച്ചു നല്‍കണമെന്ന് ആദിവാസികള്‍ ആവശ്യമുന്നയിച്ചു.

RELATED STORIES

Share it
Top