തോരാതെ മഴ; തീരാതെ ദുരിതം

കൊല്ലം:  ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു.മൂന്നാംകുറ്റി മണ്ണാമലയില്‍ ഒരു വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.  അയത്തില്‍, രായരുമുക്ക് ഭാഗങ്ങളില്‍ വൃക്ഷങ്ങള്‍ വീണ് പത്തോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. പനയം ചോനംചിറയില്‍ രേഖയുടെ വസ്തുവില്‍ നിന്ന കൂറ്റന്‍ തേക്ക് കടപുഴകി വീണെങ്കിലും നാശനഷ്ടമില്ല.
പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ദേശീയപാതയില്‍ കല്ലുംതാഴത്തിനും മൂന്നാംകുറ്റിക്കും ഇടയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സന ഓഡിറ്റോറിയത്തിന്റെ കോംപൗണ്ടില്‍ നിന്ന വലിയ മരമാണ് കടപുഴകി വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ദേശീയപാതയ്ക്ക് കുറുകെയാണ് മരം വീണത്. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി. ഇവിടെ കല്യാണത്തിന് ആളുകളുണ്ടായിരുന്നെങ്കിലും മഴമൂലം മിക്കവരും ഓഡിറ്റോറിയത്തിന് ഉള്ളിലായതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ടൗണ്‍ അതിര്‍ത്തയില്‍ എസ് വി ടാക്കീസിന് സമീപവും ദേശീയപാതയില്‍ മരംവീണു. മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പടെ ഒടിയുകയും ചെയ്തു. ചന്ദനത്തോപ്പ് അസീസിയ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന പ്ലാവ് കടപുഴകി വീണു.
അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ എന്നിവിടങ്ങളിലും ജില്ലയുടെ കിഴക്കന്‍ മേഖല ഉള്‍പ്പെടെ പലഭാഗത്തും നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇളമ്പള്ളൂര്‍- ചിറ്റുമല റൂട്ടില്‍ കുണ്ടറ ഫയര്‍ സ്‌റ്റേഷന്‍ സമീപം മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധവും തകരാറിലായി. അഗ്‌നിശമനസേനയും പോലിസും മരങ്ങള്‍ മുറിച്ചു നീക്കി തടസ്സങ്ങള്‍ മാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ്.
കൊല്ലം-പരവൂര്‍ തീരദേശ റോഡില്‍ മിക്കയിടത്തും വെള്ളം കയറി ഗതാഗത യോഗ്യമല്ലാതായി. കാക്കത്തോപ്പ് ഭാഗത്ത് റോഡുവരെ കടലാക്രമണത്തെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നാട്ടുകാര്‍ ഇടപെട്ട് ഗതാഗതം തടസപ്പെടുത്തി.
മഴയെ തുടര്‍ന്ന് കടല്‍ക്ഷോഭവും ശക്തമണ്. പരവൂര്‍ പൊഴിക്കര, മുക്കം, ചില്ലയ്ക്കല്‍, ഇരവിപുരം, പള്ളിത്തോട്ടം, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ തീരത്തടിക്കുകയാണ്.
കനത്ത കാറ്റും കാലാവസ്ഥ മുന്നറിയിപ്പും കാരണം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല. ഈ മേഖലയില്‍ രണ്ടു ദിവസമായി കാര്യമായി മല്‍സ്യബന്ധനം നടക്കുന്നില്ല.
ഇത്തിക്കരയാറ്റിലും പരവൂര്‍ കായലിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മലവെള്ളപ്പാച്ചില്‍ കൂടി വരുമ്പോള്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഇടവനടയറ കായലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളും കായലില്‍ മല്‍സ്യബന്ധനത്തിന് പോയില്ല.
കൊല്ലം നഗരത്തില്‍ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. ഫുട്പാത്തുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. ചിന്നക്കട ബീച്ച് റോഡില്‍ പലയിടത്തും വെള്ളക്കെട്ടാണ്. കൊല്ലം റെയില്‍വേ ഗുഡ്‌സ് ഷെഡിന് മുന്‍വശത്തും വെള്ളം കയറി. ഇതുകാരണം കാല്‍നട യാത്രികര്‍ അടക്കം ബുദ്ധിമുട്ടി.
കനത്ത മഴയില്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനുകളിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ ചോര്‍ന്നൊലിച്ചു. വെള്ളം ഒഴുക്കി കളയാനും തുടച്ചുമാറ്റാനും ശുചീകരണ തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടി. മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
പരവൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലും വെള്ളം കയറി. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരകള്‍ പലയിടത്തും ചോര്‍ന്നൊലിച്ച് വെള്ളത്തിന്റെ കുത്തൊഴുക്ക് തന്നെ അനുഭവപ്പെട്ടു.
റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോലിസ് സ്‌റ്റേഷനിലേയ്ക്കും ബസ് സ്റ്റാന്റിലേയ്ക്കും പോകുന്ന റോഡും വെള്ളക്കെട്ടിലായി. പരവൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും വെള്ളം കയറി. മാര്‍ക്കറ്റിനകത്തും കയറാനാകാത്ത സ്ഥിതിയായി.
പരവൂര്‍ മേഖലയില്‍ കാറ്റ് വ്യാപകനാശം വിതച്ചു. അമ്പതോളം സ്ഥലങ്ങളില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വൈദ്യുതി ലൈനിലേയ്ക്ക് ഒടിഞ്ഞു വീണു. മിക്കയിടത്തും ഇതുകാരണം വൈദ്യുതി വിതരണം തകരാറിലായി. കുറുമണ്ടല്‍ ഭാഗത്ത് മരത്തിന്റെ ശിഖരം ലൈനില്‍ വീണ് താഴേയ്ക്ക് പതിക്കാറായി നിന്നത് ഭീതി പടര്‍ത്തി. ഉടന്‍ ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം അറിയിച്ച് ലൈന്‍ ഓഫ് ചെയ്തു.
ഇരവിപുരം, മയ്യനാട്, കൂട്ടിക്കട ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ചില വീടുകളില്‍ നിന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ട്. ഇവിടങ്ങളിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും വെള്ളക്കെട്ടിലാണ്.
കൊല്ലം ചിന്നക്കട എസ്എംപി കോളനിയിലും പലയിടത്തും വെള്ളം കയറി. സമീപത്തെ റോഡുകളിലും വെള്ളക്കെട്ടാണ്.

RELATED STORIES

Share it
Top