തോമസ് ചാണ്ടിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: എം കെ മനോജ് കുമാര്‍

ആലപ്പുഴ: പ്രളയകാലം കഴിഞ്ഞിട്ടും കേരളത്തില്‍ പ്രളയക്കെടുതി ഇപ്പോഴും ഏറ്റവുമധികം അനുഭവിക്കുന്ന കുട്ടനാട്ടുകാരെ തിരിഞ്ഞുനോക്കാത്ത എംഎല്‍എ തോമസ് ചാണ്ടി ഇനിയും തുടരണമോയെന്ന് കുട്ടനാട്ടുകാര്‍ തീരുമാനിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. കുട്ടനാടിന് വാഗ്ദാനങ്ങളല്ല പരിഹാരമാണ് വേണ്ടത് എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി തോമസ് ചാണ്ടി എംഎല്‍എയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം കനത്ത ദുരന്തം വിതച്ച കുട്ടനാട്ടില്‍ ജനങ്ങള്‍ ദുരിതക്കയത്തില്‍ ആണ്ടിറങ്ങുമ്പോഴും സ്ഥലം എംഎല്‍എ യായ തോമസ് ചാണ്ടി നിഷ്‌ക്രിയനായി തുടരുകയാണ്. അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച തുക പോലും കുട്ടനാട്ടില്‍ പലര്‍ക്കും ലഭിച്ചിട്ടില്ല. മാസത്തില്‍ അധിക ദിവസങ്ങളും ബിസിനസിനായി വിദേശത്ത് പോയി വരുന്ന തോമസ് ചാണ്ടി ചികില്‍സയ്ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു കൈപ്പറ്റിയത് കോടികളാണ്. ജനാധിപത്യത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന തോമസ് ചാണ്ടിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 11നു നെടുമുടിയി ല്‍ നിന്നാരംഭിച്ച പ്രതിഷേധ മാ ര്‍ച്ച് തോമസ് ചാണ്ടിയുടെ വസതിക്ക് സമീപം പോലിസ് തടഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി എം ഫഹദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി, സെക്രട്ടറി ഇബ്രാഹീം വണ്ടാനം, ജില്ലാ കമ്മിറ്റി അംഗം നാസര്‍ പഴയങ്ങാടി, സവാദ് കായംകുളം, റിയാസ് പൊന്നാട്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ വീയപുരം, ഷാനവാസ് സംസാരിച്ചു.

RELATED STORIES

Share it
Top