തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ്

കോട്ടയം: റിസോര്‍ട്ടിലേക്കു പാടം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് കോട്ടയം വിജിലന്‍സ് എസ്പി ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച നിലപാട് വിജിലന്‍സ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയെ അറിയിക്കും. എംപിമാരുടെ ഫണ്ടുപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതില്‍ തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമാണെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരുകിലോമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണു പരാതി. രാജ്യസഭാ എംപിമാരായിരിക്കെ പി ജെ കുര്യന്‍, കെ ഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടംവഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍. നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട്ട് മടക്കിയതിനാല്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top