തോമസ് ചാണ്ടിക്കെതിരായ അന്വേഷണംവിജിലന്‍സ് കോടതി മേല്‍നോട്ടംവഹിക്കും

കോട്ടയം: മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നാലുമാസം കൂടി അനുവദിച്ചു. എല്ലാ മാസവും അഞ്ചാം തിയ്യതി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോട്ടയം വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കും. അന്വേഷണത്തിനായി നാല് മാസത്തെ സമയവും കോടതി അനുവദിച്ചു.
സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എസ്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണു പരാതിക്കാരനായ സുഭാഷ് വീണ്ടും കോടതിയെ സമീപിച്ചത്. കേസ് അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജിയില്‍ വിശദമായ വാദം കേട്ട കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മാസവും അഞ്ചിന് അന്വേഷണസംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് അന്വേഷണത്തിന് നാല് മാസം സമയം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച ഹരജിയും കോടതി അനുവദിച്ചു.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍ എ പത്മകുമാറിനെതിരേ അഡ്വക്കറ്റ് സുഭാഷ് നല്‍കിയ ഹരജി വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 16ലേക്ക് മാറ്റിവച്ചു.

RELATED STORIES

Share it
Top