തോമസ് ഐസക്കിന്റെ ചികില്‍സാ ചെലവും വിവാദത്തില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ചികില്‍സാ ചെലവും വിവാദത്തില്‍. മലപ്പുറം കോട്ടക്കലിലെ ആയുര്‍വേദ ചികില്‍സയ്ക്കായി മന്ത്രി വാങ്ങിയത് 1.20 ലക്ഷം രൂപയാണ്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രി ഐസക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ ഒഴിവാക്കി കോട്ടക്കലില്‍ ചികില്‍സ തേടിയത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശപ്രകാരം ഇപ്പോള്‍ മന്ത്രിയുടെ ചികില്‍സയ്ക്കായി ഒരുലക്ഷത്തില്‍പ്പരം രൂപ ഖജനാവില്‍ നിന്നു ചെലവിട്ടെന്ന വിവരവും പുറത്തുവരുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികില്‍സയ്ക്ക് ആകെ ചെലവായത് 1,20,048 രൂപയാണ്. ചികില്‍സാ ആവശ്യത്തിനായി മന്ത്രി ഐസക് 14 തോര്‍ത്തുകള്‍ വാങ്ങിച്ചതിന്റെ തുകയുള്‍പ്പെടെ റീഇംപേഴ്‌സ് ചെയ്തു. ചികില്‍സയ്ക്കായി 21,990 രൂപ ചെലവായപ്പോള്‍ മുറിവാടകയായി 79,200 രൂപയാണ് ചെലവായത്. ഭക്ഷണത്തിന് ചെലവായ തുകയും 14 തോര്‍ത്തുകള്‍ വാങ്ങിയ ഇനത്തില്‍ 195 രൂപയുമെല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്നുതന്നെ. തലയണ വാങ്ങിച്ച വകയില്‍ 250 രൂപയുള്‍പ്പെടെ മന്ത്രി എഴുതിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഗവ. ആയുര്‍വേദ കോളജിലും പൂജപ്പുരയിലെ പഞ്ചകര്‍മകേന്ദ്രത്തിലും ഉള്‍പ്പെടെ മികച്ച ചികില്‍സാസംവിധാനങ്ങളുണ്ട്. എന്നിട്ടും സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ധനമന്ത്രി തന്നെ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ഒരുലക്ഷത്തില്‍പ്പരം രൂപ മുടക്കി ചികില്‍സ തേടിയത് എന്തിനെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിലും ഉയരുന്നത്. നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെന്നും ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നടപ്പാക്കാന്‍ ഒരു നീക്കവും ഉണ്ടായില്ല. അതിനിടെയാണ് മന്ത്രിമാരുടെ ചികില്‍സയ്ക്കായി ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നതു ചര്‍ച്ചയാവുന്നത്. അതേസമയം, തുക ഉപയോഗിച്ചതില്‍ ചട്ടലംഘനമില്ലെന്ന വാദവും ഉയരുന്നുണ്ട്. കോടീശ്വരനായ വ്യവസായികൂടിയായ കുട്ടനാട് എം എല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി വിദേശത്ത് ചികില്‍സയ്ക്കായി കോടികള്‍ എഴുതിയെടുത്തത് ചര്‍ച്ചയായിരുന്നു. സമാനരീതിയിലാണ് ഇപ്പോള്‍ മന്ത്രിമാരും സ്പീക്കറും ചികില്‍സാ സഹായത്തിനും കണ്ണട വാങ്ങാനും മറ്റുമായി വലിയ തുകകള്‍ ചെലവഴിച്ച കണക്കുകളും പുറത്തുവരുന്നത്.

RELATED STORIES

Share it
Top