തോപ്പുംപടിയില്‍ വീടിന് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

മട്ടാഞ്ചേരി: തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ വീടിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ലവ്‌ഷോര്‍ അവന്യൂവില്‍ കോന്നോത്ത് വീട്ടില്‍ പരേതനായ സൈമന്റെ വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ രാവിലെ എട്ടിന് നടന്ന തീപ്പിടിത്തത്തില്‍ ഓട് മേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു.
വീട്ടുകാരി വിവിയന്‍ സൈമനും മകനും പള്ളിയില്‍ പോയ സമയത്താണ് അപകടം. അരമണിക്കൂര്‍ നേരം വീട് നിന്ന് കത്തി. സമീപത്തെ ഫഌറ്റില്‍ താമസിക്കുന്ന വീട്ടമ്മയാണ് വിവരം അഗ്‌നിശമന സേനയെ അറിയിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ കെ ജെ തോമസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ ഭൂരിഭാഗവും തീപ്പിടിത്തത്തില്‍ നശിച്ചു. വീടിന്റെ ആധാരം, ആധാര്‍ കാര്‍ഡ്, വസ്ത്രങ്ങള്‍, പാചക വാതക സിലിണ്ടര്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, റേഷന്‍ കാര്‍ഡ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പൂര്‍ണമായും കത്തിയമര്‍ന്നു. തീ ആളി പടര്‍ന്നതോടെ ഓടുകള്‍ പൊട്ടിത്തെറിച്ചു. ഈ ശബ്ദം കേട്ടാണ് അപകടം പരിസരവാസികള്‍ അറിയുന്നത്.
ഇവരുടെ സമീപത്തെ മറ്റ് വീടുകളെല്ലാം ബഹുനില കെട്ടിടങ്ങളാണ്. അഗ്‌നിശമന സേനയും പോലിസും നാട്ടുകാരും മണിക്കൂറുകളോളം ശ്രമിച്ചാണ് അഗ്‌നി നശിപ്പിച്ച പല ഉപകരണങ്ങളും പുറത്തെടുത്തത്. വീട് നില്‍ക്കുന്ന ഭാഗം ഇടുങ്ങിയ വഴിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റ് വാഹനം എത്തിയതോടെ തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ അല്‍പ്പസമയം ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

RELATED STORIES

Share it
Top