തോണി അപകടം: ജിതേഷും മല്‍സ്യത്തൊഴിലാളികളും കടലില്‍ ചാടിയതു യാതൊരു സുരക്ഷയുമില്ലാതെ; തിരിച്ചു കിട്ടിയത് രണ്ടു ജീവന്‍

വടകര: യാതൊരു രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങളും ഇല്ലാതെ മരണത്തെ മുഖാമുഖം കണ്ട് രണ്ടു പേരെ രക്ഷപെടുത്തിയെങ്കിലും മൂന്നാമനെ കണ്ടെത്താനാകാത്ത ഭീതിയിലാണ് സാന്‍ഡ് ബാങ്ക്‌സിലെ ലൈഫ് ഗാര്‍ഡ് കുരിയാടി സ്വദേശിയായ പാണന്റവിട ജിതേഷും മറ്റു മല്‍സ്യ തൊഴിലാളികളും.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂരാട് നിന്നും മല്‍സ്യ ബന്ധനത്തിനായി എത്തിയ അയനിക്കാട് സ്വദേശികളായ മൂവര്‍ സംഘം സഞ്ചരിച്ച ചെറിയ വള്ളം അഴിമുഖത്ത് വച്ച് മറിഞ്ഞത്. കടലിനും, പുഴയ്ക്കും ഇടയിലുള്ള അഴിമുഖത്ത് വേലിയേറ്റമുണ്ടായതോടെ വള്ളത്തില്‍ നിന്നും അലര്‍ച്ച കേട്ടാണ് ഇക്കരെയുണ്ടായിരുന്ന ജിതേഷ് ആളെ കൂട്ടി പുഴയിലേക്ക് ചാടിയത്. ചാടുന്ന സമയത്ത് ഒരു സുരക്ഷാ വലയവും ഇവര്‍ നോക്കാതെ അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശം മാത്രം. ഇതോടൊപ്പം ജോലിക്ക് പോകാതിരുന്ന മൂക സഹോദരങ്ങളായ അഷറഫ്, റഹ്മത്ത് എന്നിവരുടെ തോണിയില്‍ റഹീസ്, തെല്‍ഹത്ത്, മന്‍സൂര്‍ എന്നിവരും ഒപ്പം കൂടി. അപ്പോഴേക്കും കോട്ടതുരുത്തിയും കടന്ന് കടലിലേക്ക് എത്തിപ്പെടുന്ന അവസ്ഥയിലായിരുന്നു രക്ഷപ്പെട്ട ഹമീദും, ആബിദും. ഹമീദിനെ ലൈഫ് ഗാര്‍ഡ് ജിതേഷ് രക്ഷപെടുത്തി കരക്കെത്തിക്കുമ്പോഴേക്കും മറ്റുള്ളവര്‍ എത്തിയതിനാല്‍ ആബിദിനെയും രക്ഷപ്പെടുത്താനായി.
ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത് ഒരാളെപ്പറ്റി വിവരം ലഭിച്ചത്. സഹ മല്‍സ്യ തൊഴിലാളികള്‍ കാണാതായ ഫായിസിന് വേണ്ടി തിരച്ചല്‍ നടത്തുന്നതിനിടയില്‍ സാന്‍ഡ് ബാങ്ക്‌സ് തീരത്ത് ഭക്ഷണം പോലും കഴിക്കാതെ ഭീതി മാറാത്ത അവസ്ഥയിലായിരുന്നു ജിതേഷ്. ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സില്‍ പല സ്ഥലങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനവും വൈകുന്ന അവസ്ഥയാണ്. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
ബേപ്പൂരില്‍ നിന്നും വൈകീട്ടോടെ കോസ്റ്റ് ഗാര്‍ഡ് എത്തിയെങ്കിലും ആഴ കുറവ് കാരണം കരക്കെത്താന്‍ കഴിഞ്ഞിട്ടില്ല. തീരദേശ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ച് കെട്ടിട നിര്‍മ്മാണവും, സിഐ അടക്കമുള്ളവരുടെ നിയമനവും പൂര്‍ത്തിയായിട്ടും സ്‌റ്റേഷന്‍ ഇതേവരെ തുറന്നു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top