തോട് കൈയേറ്റം: സര്‍വേ ആരംഭിക്കാന്‍ നഗരസഭാ തീരുമാനം

പെരിന്തല്‍മണ്ണ: നഗരസഭാ പരിധിയിലെ തോടുകള്‍ കൈയേറിയത് കണ്ടെത്താന്‍ സര്‍വ്വെ നടപടികള്‍ ആരംഭിക്കാന്‍ നഗരസഭാ തീരുമാനം. വര്‍ഷങ്ങളായി നഗരസഭയിലെ ബൈപ്പാസ് റോഡുകള്‍ക്ക് സമീപത്തെ തോടുകള്‍ ഉള്‍പ്പടെ സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മാണ ഭാഗമായി കൈയേറിയത് പരാതിക്കിടയാക്കിയിരുന്നു. നഗരസഭാ നിര്‍ദ്ദേശ പ്രകാരം റവന്യു വകുപ്പിലെ സര്‍വ്വെ ഉദ്യോഗസ്ഥരും നഗരസഭ നിര്‍ദ്ദേശിക്കുന്ന റിട്ട. ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വ്വെ നടത്തുക.
ഒന്നാം ഘട്ട സര്‍വ്വെ പാതാക്കരയില്‍ ഒന്നാം തീയതിയില്‍ ആരംഭിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. നിലവിലുള്ള നഗരസഭാ മാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങി.
മാര്‍ക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യം ചര്‍ച്ച നടത്താന്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സെക്രട്ടറി കണ്‍വീനറും സ്ഥിര സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പെടെ അഞ്ച് കൗണ്‍സിലര്‍മാരുടെ സംഘത്തെ നിയോഗിച്ചു. ഇവര്‍ വ്യാപാരി സംഘടനകളുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജൂബിലി റോഡിന്റെ ശോച്യാവസ്ഥക്ക് ഉടന്‍ പരിഹാരം കാണാമെന്ന് കൗണ്‍സിലറുടെ ചോദ്യത്തിന് മറുപടിയായി ചെയര്‍മാന്‍ പറഞ്ഞു.
18 ലക്ഷം രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ 10 ലക്ഷം മാത്രമാണ് കരാറുകാരന് നല്‍കിയിട്ടുള്ളൂ. മറ്റു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയാലെ ഫണ്ട് നല്‍കാനാവു എന്നും അദ്ദേഹം വിശദീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം മുഹമദ് സലീം അധ്യക്ഷത വഹിച്ചു. കെ സി മൊയ്തീന്‍ കുട്ടി, കിഴിശ്ശേരി മുസ്തഫ, പത്തത്ത് ആരിഫ്, കിഴിശ്ശേരി വാപ്പു, താമരത്ത് ഉസ്മാന്‍, നിശി അനില്‍രാജ്, തെക്കെത്ത് ഉസ്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top