തോട്ടില്‍ മാലിന്യ നിക്ഷേപം: എസ്ഡിപിഐ സമരത്തിനൊരുങ്ങുന്നു

പാറത്തോട്: ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ പാറത്തോട് ടൗണിന് സമീപത്തുള്ള ലൈബ്രറിയുടെ പിന്‍ഭാഗത്തു കൂടി ഒഴുകുന്ന തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതു മൂലം  മലിനജലം കെട്ടികിടക്കുകയാണ്.
ഇക്കാരണത്താല്‍ പരിസരത്ത് താമസിക്കുന്നവര്‍ക്ക് തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാതാകുന്നു.50ല്‍ അധികം വരുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏകജലനിധി പദ്ധതിയുടെ കിണര്‍ ഈ തോടിന് സമീപത്തായതിനാല്‍  പദ്ധതിയിലെ വെള്ളം മലിനമാകാന്‍ സാധ്യത കൂടുതലാണ്. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും ഏറെയാണ്.കഴിഞ്ഞ വേനല്‍ കാലത്ത് എസ്ഡിപിഐ പാറത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വിഷയം ഏറ്റെടൂത്ത് സമര രംഗത്ത് വന്നിരുന്നതാണ്.എന്നാല്‍ പഞ്ചായത്ത് അതികൃതരോ, ആരോഗ്യ വകുപ്പോ ഇടപെട്ടില്ല.
ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി തോട്ടിലെ മാലിന്യം നീക്കം ചെയ്യാന്‍ തീരുമാനമെടുത്തെങ്കിലും തീരുമാനം നടപ്പാക്കിയില്ല. ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.എസ്ഡിപിഐ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീര്‍ പാറയ്ക്കല്‍, സെക്രട്ടറി സെയ്ത് പാറത്തോട് പി ഡി ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top