തോട്ടിലെ മലിനജലം കിണറ്റിലേക്കും ഒഴുകി; എസ്ഡിപിഐ സമരത്തിന്

ചൂരി: ചൂരി തോട്ടിലെ മലിന ജലം തൊട്ടടുത്തുള്ള കിണറിലേക്കും പടര്‍ന്നതോടെ ചൂരി നിവാസികളുടെ കുടി വെള്ളം മുട്ടി. വേനല്‍ കടുത്തതോടെ കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുകയാണ് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍.
ചൂരി നൂറുല്‍ ഹുദാമസ്ജിദിനടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതിന്റെ കെടുതി അനുഭവിക്കുന്നത്. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും സന്ദര്‍ശനം നടത്തിയതല്ലാതെ ശാശ്വതമായ പരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കാസര്‍കോട്  നഗരത്തിലെ ആശുപത്രി മാലിന്യങ്ങളും ഈ തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്.
മലിന ജലത്തില്‍ നിന്നുള്ള ദുര്‍ഗ്ഗന്ധം കാരണം സമീപത്തുള്ള 30 ഓളം കുടുംബങ്ങളുടെ ജീവിതം  ദുസ്സഹമായിരിക്കുകയാണ്. കിണറിലെ വെള്ളം മലിനമായി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. നാടു മുഴുവന്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍  കിണറുകളില്‍ വെള്ളമുണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചൂരി നിവാസികള്‍.
കിണറിലെ ജലം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ത്വക്ക് രോഗവും പിടിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍  സംഘടിപ്പിക്കാന്‍ എസ്ഡിപിഐ ചൂരി ബ്രാഞ്ച് തീരുമാനിച്ചു. പ്രസിഡന്റ് ബിലാല്‍ അധ്യക്ഷത വഹിച്ചു.
ശരീഫ് ബട്ടമ്പാറ, അസീസ് ചൂരി, സാബിഖ്, ശഫീഖ്, ഉസ്മാന്‍, നിഷാദ്, സഹദ് മീപ്പുഗിരി സംസാരിച്ചു.

RELATED STORIES

Share it
Top