തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി ബണ്ട് നിര്‍മിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

എടത്വ: കലുങ്കു നിര്‍മ്മിക്കാനെന്ന പേരില്‍ തോട്ടിലെ നീരൊഴുക്ക് തടസ്സപെടുത്തി ബണ്ട് നിര്‍മ്മിച്ചത് നീക്കം ചെയ്യണമെന്നാവശ്യപെട്ട് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. എടത്വ ഗ്രാമ പഞ്ചായത്ത് 12,14 വാര്‍ഡുകളുടെ ഉള്‍പ്രദേശത്തു കൂടി കടന്നു പോകുന്ന പച്ച തോട്ടിലാണ് ബണ്ട്‌നിര്‍മ്മിച്ചിരിക്കുന്നത്.
കൈതമുക്ക് മഠത്തില്‍കളത്തില്‍ റോഡുമായി ബന്ധിപ്പിക്കുന്നതിനായി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആസ്തി വികസനഫണ്ടില്‍ പെടുത്തിയാണ് കലുങ്കു നിര്‍മ്മാണത്തിന് എട്ടു ലക്ഷം രൂപ അനുവദിച്ചത്. കൈനകരി സ്വദേശിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. കലുങ്കു നിര്‍മ്മാണത്തിനായി   നാലുമാസം മുന്‍പ് തോടിനു കുറുകെ രണ്ടു ബണ്ടുകള്‍ നിര്‍മ്മിച്ചെങ്കിലും കലുങ്ക് നിര്‍മ്മിച്ചില്ല. ഇപ്പോള്‍ നീരൊഴുക്ക് നിലയ്ക്കുകയും പ്രാഥമികാവശ്യത്തിനെങ്കിലും ഉപയോഗിച്ചിരുന്ന വെള്ളം മലിനമാകുകയും ചെയ്തതോടെയാണ് പ്രതിഷേധവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ രംഗത്തെത്തിയത്. ചെങ്കരത്തറ,കണ്ടത്തില്‍പറമ്പില്‍,അഞ്ചില്‍,തറമശ്ശേരി,തട്ടാരുപറമ്പില്‍,പുലിപ്ര തുടങ്ങിയ ആറിലധികം കോളനികളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ തോട്.
കൂടാതെ തെങ്കരപ്പച്ച,പന്നിക്കിടാരം തുടങ്ങിയ പാടശേഖരങ്ങളിലേക്ക് വെളളം എത്തിക്കുന്നതിനും വിത്ത് ,വളം എന്നിവ കൊണ്ടുപോകുന്നതും ഇതുവഴിയാണ്.കലുങ്ക് നിര്‍മ്മാണം  സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ബണ്ട്  തുറക്കാത്തതിനാല്‍ എല്ലാം തടസ്സപെട്ടിരിക്കുകയാണ്.  കോയില്‍മുക്ക് ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പിലെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തതിനു പുറകെയാണ് തോട് അടഞ്ഞ് മലിനമായി കിടക്കുന്നത്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.വി.സുരേഷ്,റോസമ്മ എന്നിവര്‍ സ്ഥലത്തെത്തുകയും ബന്ധപ്പെട്ട അധികാരികളുമായി ഫോണില്‍ ബന്ധപ്പെടുകയും അടിയന്തരമായി പ്രശ്‌നം പരിഹരിക്കാമെന്ന  ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.

RELATED STORIES

Share it
Top