തോട്ടമുടമകള്‍ക്ക് 'എല്ലാം ശരിയാക്കി' നല്‍കി പിണറായി സര്‍ക്കാര്‍


പ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ മന്ത്രിസഭായോഗം ഇന്നലെയെടുത്ത തീരുമാനങ്ങളിലൂടെ അനധികൃതവും നിയമവിരുദ്ധവുമായി സര്‍ക്കാര്‍ഭൂമി കയ്യേറിയവരുള്‍പ്പടെയുള്ള വന്‍കിട തോട്ടമുടമകളുടെ പ്രധാന പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിച്ചു കൊടുക്കുകയായിരുന്നുവെന്ന ആരോപണമുയരുന്നു.
വന്‍കിടഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍താല്‍പര്യങ്ങള്‍ അടിയറവെച്ചുവെന്ന വ്യക്തമാക്കുന്ന തീരുമാനങ്ങളാണ് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുന്നണി ഇക്കാര്യത്തില്‍ സ്വീകരിച്ചത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലുള്ള വനനിയമങ്ങളെ അട്ടിമറിച്ച് പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിനല്‍കിയതിന് പുറമെ തോട്ടമുടമകള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നിരവധി നടപടികളും 'ശരിയാക്കി' നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന ആരോപണമാണ് ഉയരുന്നത്.
സര്‍ക്കാരിന്റെ നീക്കം തോട്ടംമേഖലയിലെ വ്യാജപ്രമാണക്കാരെ സഹായിക്കാനാണെന്ന് ഹാരിസണ്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ സര്‍ക്കാര്‍ അഭിഭാഷക അഡ്വ. സുശീലഭട്ട് പ്രതികരിച്ചിട്ടുള്ളത്. നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഈ നീക്കം അംഗീകരിക്കാനാവില്ല. വനംകൊള്ള പ്രോല്‍സാഹിപ്പിക്കാനാണ് നടപടിയെന്നും അവര്‍ പറഞ്ഞു.
പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതും തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനുള്ള തീരുമാനവും എല്ലാ എസ്‌റ്റേറ്റ് ലയങ്ങളേയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും തന്നെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണുള്ളതെന്ന് വ്യക്തമാക്കുന്നതാണ്. ഇതിനെല്ലാം പുറമെ റബര്‍ മരങ്ങള്‍ മുറിച്ചുവില്‍ക്കുമ്പോള്‍ നല്‍കേണ്ട സീനിയറേജ് തുക 2500 രൂപ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കി.
എസ്‌റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമാണെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍  ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി, ആവശ്യമായി വരുന്ന ചെലവിന്റെ 50% സര്‍ക്കാരും 50% തോട്ടം ഉടമകളും വഹിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്.
തോട്ടം ഉടമകളില്‍നിന്ന് ഈടാക്കേണ്ട ഈ 50% തുകയാകട്ടെ ഏഴ് പലിശ രഹിത വാര്‍ഷിക ഗഡുക്കളായി നല്‍കിയാലും മതി. തോട്ടമുടമകളുടെ പ്രധാന ബാധ്യതകളെല്ലാം തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കാമെന്നാണ് സര്‍ക്കാര്‍ ഇതുവഴി വാഗ്ദാനം ചെയ്തിട്ടുള്ളത്.
അതേസമയം വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതുള്‍പ്പടെയുള്ള തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ ശ്രദ്ധേയമായ മൗനം പാലിക്കുകയും ചെയ്തു തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ പദ്ധതി ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കുമെന്നും  വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുന്നതാണെന്നുമുള്ള വാഗ്ദാനം മാത്രമാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അറിയിച്ചത്.
സര്‍ക്കാര്‍ഭൂമി കയ്യേറിയ നിയമലംഘകരെ വെള്ളപൂശുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും വന്‍കിടകയ്യേറ്റക്കാരായ ടാറ്റ, ഹാരിസണ്‍, എ.വി.ടി, ടി.ആര്‍&ടി തുടങ്ങിയവര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും ക്രിമിനല്‍ നടപടികളും ഇതോടെ നിര്‍വീര്യമാക്കപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും വന്‍കിടഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍താല്‍പര്യങ്ങള്‍ അടിയറവെക്കുന്നതാണെന്നും തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന അവകാശപ്പെടുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളികളുടെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി പരസ്പരവൈരം മറന്ന് നടത്തിവരുന്ന കള്ളക്കളികളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

RELATED STORIES

Share it
Top