തോട്ടങ്ങളിലേക്ക് പെരിയാറില്‍ നിന്ന് വന്‍തോതില്‍ ജലമൂറ്റുന്നു

കട്ടപ്പന: കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ വന്‍കിട തോട്ടങ്ങളിലേക്ക് അനധികൃതമായി വന്‍തോതില്‍ ജലമൂറ്റുന്നു. വന്‍കിട തേയില, ഏലം തോട്ടങ്ങള്‍ നനയ്ക്കാനാണ് ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ചു പെരിയാറില്‍ നിന്നു വെള്ളം പമ്പുചെയ്ത് എടുക്കുന്നത്. നദികളില്‍ നിന്ന് അനധികൃതമായി ജലം എടുക്കുന്നതിനു മുന്‍വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇത്തവണ വേനല്‍ നേരത്തേ ശക്തമായതിനാല്‍ വിലക്ക് ശക്തമാകുന്നതിനു മുമ്പ് കഴിയുന്നത്ര വെള്ളം തോട്ടം നനയ്ക്കാന്‍ വലിച്ചെടുക്കുകയാണ്. വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുതറ വരെയുള്ള പെരിയാറിന്റെ കരകളില്‍ മോട്ടോറുകള്‍ സ്ഥാപിച്ചു ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളമാണ് പ്രതിദിനം പമ്പുചെയ്ത് ഉപയോഗിക്കുന്നത്. ചപ്പാത്തിനു സമീപം സിമന്റ് പാലത്ത് വലിയ പൈപ്പുകള്‍ പെരിയാറിലേക്ക് സ്ഥാപിച്ചിട്ടുണ്ട്. ആറിന്റെ തീരത്താണു വലിയ മോട്ടോറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പകല്‍സമയത്തും നിര്‍ബാധം വെള്ളം പമ്പു ചെയ്യുകയാണ്. ഏക്കര്‍ കണക്കിനു വരുന്ന തോട്ടം നനയ്ക്കാന്‍ തുടര്‍ച്ചയായി വെള്ളം പമ്പു ചെയ്യുന്നത് പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണമാകുന്നെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ഒട്ടേറെ ശുദ്ധജല പദ്ധതികള്‍ക്കു പെരിയാറില്‍ നിന്നു വെള്ളം എടുക്കുന്നുണ്ട്. ജലചൂഷണം ഇത്തരം പദ്ധതികളെയും ബാധിക്കുന്ന സ്ഥിതിയാണ്.
വേനല്‍ ശക്തമാകുന്നതോടെ പെരിയാറിലെ ആഴമേറിയ കുഴികളില്‍ മാത്രമാകും വെള്ളമുണ്ടാകുക. ഈ സമയം ആറിന്റെ തീരത്തു താമസിക്കുന്നവര്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമെല്ലാം ഇത്തരം കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അവയും തോട്ടങ്ങളിലേക്കു പമ്പുചെയ്ത് എടുക്കുന്ന സ്ഥിതി മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഇത്തവണ ജല ചൂഷണത്തിന്റെ തോത് കൂടിയിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ പേടിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ജില്ലാ ഭരണകൂടവും പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.

RELATED STORIES

Share it
Top