തോട്ടം മേഖലയില്‍ ചികില്‍സ ലഭിക്കാതെ രോഗികള്‍ വലയുന്നു

വണ്ടിപ്പെരിയാര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ വലയുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് പനി ബാധിതരുടെ എണ്ണം പെരുകിയതോടെയാണ്  ദുരവസ്ഥ വര്‍ധിച്ചത്. പെരിയാര്‍ മേഖലയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടേയും കര്‍ഷകരുടേയും ചികല്‍സയ്ക്കായുള്ള ഏക ആശ്രയമാണ് വണ്ടിപ്പെരിയര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും പഴയ പാറ്റേണ്‍ ഇതുവരെ മാറ്റിയിട്ടില്ല. ആറ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ കോണ്‍ഫറന്‍സ്, ക്യാമ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോവുമ്പോഴാണ് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ദിനംപ്രതി എഴുന്നൂറോളം പേരാണ് ഒപി ടിക്കറ്റില്‍ ചികിത്സ തേടിയെത്തുന്നത്.
വൃദ്ധരും പിഞ്ചുകുട്ടികളുമടക്കം മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഒപി ബ്ലോക്കില്‍ ക്യൂ നില്‍ക്കുന്നവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇടുങ്ങിയ മുറിയില്‍ ഏറെ പണിപ്പെട്ടാണ് രോഗികള്‍ നില്‍ക്കുന്നത്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് പണികള്‍ പൂര്‍ത്തിയാക്കീട്ടും ജനങ്ങള്‍ക്ക് ഇതുവരെ തുറന്നു നല്‍കിയിട്ടില്ല. സ്ത്രീ- പുരുഷ, വാര്‍ഡുകളിലായി രോഗികളെ കിടത്തിച്ചികില്‍സ ഉണ്ട്. കെട്ടിടം പണിതു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് തുറന്നു കൊടുക്കാത്തതില്‍ രോഗികളും ജീവനക്കാരും ഒരേ പോലെയാണ് വലയുന്നത്.

RELATED STORIES

Share it
Top