തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്നില്ല

തിരുവള്ളൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിക്കെതിരെ ഭരണകക്ഷിയായ യുഡിഎഫ് അംഗങ്ങള്‍കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗം നടന്നില്ല. ക്വാറം തികയാത്തതാണ് യോഗം നടക്കാതിരിക്കാനുള്ള കാരണം. പ്രസിഡന്റും പ്രതിപക്ഷ എല്‍ഡിഎഫ് അംഗങ്ങളും യോഗത്തിനെത്തിയില്ല. 13അംഗ പഞ്ചായത്തില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ഇനി ആറുമാസം കഴിഞ്ഞാലേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കൂ. യുഡിഎഫിലെ പടലപ്പിണക്കങ്ങളാണ് ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ തിരുവള്ളൂര്‍ മുരളിക്കെതിരെ അവിശ്വാസ പ്രമേയംകൊണ്ടുവരാന്‍ ഭരണകക്ഷിയായ യുഡിഎഫിനെ പ്രേരിപ്പിച്ചത്. എന്നാല്‍ പ്രസിഡന്റും പ്രതിപക്ഷവും ഒത്തുകളിച്ചതാണ് ഇന്നത്തെ യോഗം നടക്കാതിരിക്കാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഫലത്തില്‍ ബ്ലോക്ക്് ഭരണം എല്‍ഡിഎഫിന്റെ കൈയിലെത്തുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുന്നത്. ചെമ്മരത്തൂര്‍ വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥി അപ്രതീക്ഷിതമായി തോറ്റതാണ് യുഡിഎഫിന് ഭരണം കിട്ടാനിടയാക്കിയത്. സിപിഐ സ്ഥാനാര്‍ഥിയുടെ തോല്‍വി എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. എന്നാല്‍ തിരുവള്ളൂര്‍ മുരളിയുടെ ചുവടുമാറ്റം എല്‍ഡിഎഫിന് ബ്ലോക്ക്പഞ്ചായത്ത് ഭരണം നിയന്ത്രിക്കാനുള്ള അവസരമായി മാറുകയാണ്. അവിശ്വാസത്തെ അഭിമുഖീകരിക്കാനുള്ള ആര്‍ജവം കാട്ടാതെ ഓടിയൊളിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതെന്ന് യുഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഫ് എം മുനീര്‍, ഡി പ്രജീഷ്, ആര്‍ കെ മുഹമ്മദ്, കൊടക്കാട് ഗംഗാധരന്‍, കണ്ണോത്ത് സൂപ്പി ഹാജി, ബവിത്ത് മലോല്‍, എടവത്ത്കണ്ടി കുഞ്ഞിരാമന്‍ സംസാരിച്ചു.

RELATED STORIES

Share it
Top