തോക്കിന്‍ മുനയില്‍ നിര്‍ത്തി പെട്രോള്‍ പമ്പില്‍ കൊള്ള

മുക്കം: കോഴിക്കോട്-മുക്കം റോഡില്‍ കളന്‍തോടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി മോഷണം. കളന്‍തോട് ഭാരത് പെട്രോളിയത്തിന്റെ എഇകെ ഫ്യൂവല്‍ സ്റ്റേഷനിലാണ് ബുധനാഴ്ച രാത്രി 10 മണിയോടെ മോഷണം നടന്നത്. ശക്തമായ മഴ പെയ്തതിനാല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ച ഒരാള്‍ ഓഫിസിലെത്തി പമ്പിലെ ജീവനക്കാരന്‍ അര്‍ഷിദിന് നേരെ തോക്ക് ചൂണ്ടി പണമാവശ്യപ്പെട്ടത്. ഈ സമയം പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പമ്പിലുണ്ടായിരുന്ന 1,08,000 രൂപയുമായി വീട്ടിലേക്ക് പോവാനിറങ്ങവെയാണ് മോഷ്ടാവെത്തിയതെന്ന് അനീഷ പറഞ്ഞു. ഇവരുടെ കൈവശമുള്ള 1,08,000 രൂപ മോഷ്ടാവ് കൈക്കലാക്കി.
സംഭവത്തില്‍ നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അന്വേഷണമാരംഭിച്ചു. സമീപദിവസങ്ങളില്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയ മോഷ്ടാക്കളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കവര്‍ച്ച നടന്ന സമയത്തെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സമീപത്തെ വീടുകളിലും കടകളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

RELATED STORIES

Share it
Top