തൊഴില്‍ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്താന്‍ പദ്ധതി

എന്‍  എ   ശിഹാബ്

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസി മലയാളികളുടെ തൊഴില്‍ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്തുന്നതിനു പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍. വിദേശത്ത് സാങ്കേതിക മേഖലകളില്‍ തൊഴില്‍ ചെയ്ത് പരിചയമുള്ളവരില്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തത് സ്വദേശത്ത് ഉയര്‍ന്ന ജോലി ലഭിക്കാന്‍ തടസ്സമാവുന്നത് മുന്‍നിര്‍ത്തിയാണ് നടപടി.
ഇവരുടെ തൊഴില്‍ വൈദഗ്ധ്യം വിലയിരുത്തി പരിശീലനം നല്‍കി ആധികാരികമായി സാക്ഷ്യപ്പെടുത്തി നല്‍കുന്നതോടെ ഇവര്‍ക്ക് ഉയര്‍ന്ന തൊഴില്‍ സാധ്യതയുണ്ടാവും. അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ വൈദഗ്ധ്യം, പ്രവൃത്തിപരിചയം എന്നിവ കണക്കിലെടുത്ത് ഇത്തരക്കാരെ വിവിധ മേഖലകളില്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സ് ആയി വിനിയോഗിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അടുത്ത സപ്തംബറില്‍ സൗദി അറേബ്യയില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഇങ്ങനെവന്നാല്‍ തൊഴില്‍ നഷ്ടമായി മലയാളികള്‍ കൂട്ടത്തോടെ തിരികെ വരുന്ന സാഹചര്യമുണ്ടാവും. നിലവില്‍ തിരികെയെത്തുന്ന പ്രവാസികളെ സഹായിക്കാനായി സ്വയംതൊഴില്‍ ആരംഭിക്കാനായി പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (എന്‍ഡിപി ആര്‍ഇഎം ) എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സംരംഭം ആരംഭിക്കാന്‍ നോര്‍ക്ക ഡിപാര്‍ട്ട്‌മെന്റ് വഴിയാണ് സര്‍ക്കാര്‍ സഹായമൊരുക്കുന്നത്.
രണ്ടു വര്‍ഷമോ അതിലധികമോ വിദേശത്ത് ജോലി ചെയ്തതിനു ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിപ്രകാരം അവസരമുണ്ടാവുക. പ്രവാസികളോ പ്രവാസികള്‍ ചേര്‍ന്നോ രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയെയും പദ്ധതിയുടെ ആനുകൂല്യത്തിനായി പരിഗണിക്കും. പരമാവധി 20 ലക്ഷം രൂപ മൂലധനച്ചെലവ് വരുന്ന പദ്ധതികള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും ആദ്യ നാലുവര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നല്‍കും.
നിലവില്‍ ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന പ്രവാസികള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷവും നിരവധി പ്രവാസി സംഘടനകളും സര്‍ക്കാരിന്റെ മുമ്പില്‍ ഉന്നയിച്ചെങ്കിലും പരിഹാര നടപടിയുണ്ടായിട്ടില്ല. നിലവില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന കാര്യത്തിലും ബാങ്കുകള്‍ ഇതേ നയം തന്നെയാണ് സ്വീകരിക്കുന്നത്. ബാങ്കുകളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

RELATED STORIES

Share it
Top