തൊഴില്‍ നല്‍കാത്ത വികസനം

ആധാറിന്റെ രാഷ്ട്രീയ പൊരുള്‍-2 - ടി ജി ജേക്കബ്
1930കളിലെയും 40കളിലെയും ജര്‍മനിയല്ല ഇന്നത്തെ ഇന്ത്യ. ഏറ്റവും പ്രധാന വ്യത്യാസം ആ സമയത്തെ ജര്‍മനി ഒരു വന്‍ യുദ്ധത്തില്‍ ഏറ്റ പരാജയത്തില്‍ നിന്നും നാണംകെടലില്‍ നിന്നും മുക്തിനേടി അങ്ങേയറ്റം വീറോടെ മുന്നോട്ടുവന്ന ഭരണവര്‍ഗവും ഭരണകൂടവുമായിരുന്നു എന്നതാണ്. ജര്‍മന്‍ മുതലാളിത്തത്തിനു കോളനികള്‍ വെട്ടിപ്പിടിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നും മുന്നിലില്ലായിരുന്നു. അങ്ങനെയുള്ള അതിതീക്ഷ്ണമായ അത്യാഗ്രഹമായിരുന്നു ജര്‍മന്‍ മുതലാളിത്ത വര്‍ഗത്തെ നയിച്ചത്. ഹിറ്റ്‌ലറും നാത്‌സി ആശയരൂപീകരണവും ആ ചരിത്രസാഹചര്യത്തിന്റെ ഉല്‍പന്നങ്ങളായിരുന്നു. ഓരോന്നായി അപരരെ കണ്ടുപിടിച്ച് ഉന്‍മൂലനം ചെയ്താണ് നാത്‌സികള്‍ സ്വന്തം ഭരണകൂടം കെട്ടിപ്പടുത്തതും വ്യാപകമായ കോളനിവല്‍ക്കരണത്തിന് ഒരുമ്പെട്ടിറങ്ങിയതും. ഇന്ത്യയിലെ ഭരണവര്‍ഗമാകട്ടെ, ലോക മുതലാളിത്ത ഭീമന്‍മാരുടെ ദല്ലാളന്‍മാരായി മൂലധനം സ്വരൂപിക്കുന്ന ഇത്തിക്കണ്ണി വര്‍ഗമാണ്. അതുകൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി വര്‍ത്തിക്കുന്നത്. നരേന്ദ്ര മോദിയുടെ 'ഇന്ത്യയില്‍ നിര്‍മിക്കുക' എന്ന പോസ്റ്റര്‍ തന്നെ ഭരണവര്‍ഗത്തിന്റെ ദാസ്യമനോഭാവത്തിന്റെ വളച്ചുകെട്ടില്ലാത്ത തെളിവാണ്. അങ്ങനെയുള്ള ഒരു ഭരണവര്‍ഗത്തിനും അവരുടെ രാഷ്ട്രീയനേതൃത്വത്തിനും മുന്നോട്ടുപോവുന്നതിനു ദേശീയവും അന്തര്‍ദേശീയവുമായ പരിമിതികളുണ്ട്. അതുകൊണ്ടാണ് 'മേക്ക് ഇന്‍ ഇന്ത്യ' അടക്കമുള്ള സൂത്രങ്ങള്‍ വിജയിക്കാത്തതും. കൊടിയ അസമത്വങ്ങളുടെയും വിരോധാഭാസങ്ങളുടെയും ഘടനാപരമായ തീക്ഷ്ണവൈരുദ്ധ്യങ്ങളുടെയും നാടാണ് ഇന്ത്യ. കാര്‍ഷിക മേഖല ഒട്ടാകെ പ്രതിസന്ധിയിലായിട്ട് ഒട്ടേറെ നാളായി. കോര്‍പറേറ്റ് മുതലാളിത്തം ഈ മേഖലയെ കറവപ്പശുവായി കണ്ട് നിര്‍ദയ ചൂഷണം നടത്തുന്നതാണ് മൂലകാരണം. വിപണികളില്‍ കൂടി നടത്തുന്ന ഈ ചോരയൂറ്റലിന്റെ പ്രതിഫലനമാണ് കര്‍ഷക ആത്മഹത്യകളും കര്‍ഷക മുന്നേറ്റങ്ങളും. ആയിരക്കണക്കിനായിരുന്ന ആത്മഹത്യകള്‍ ഇപ്പോള്‍ ലക്ഷക്കണക്കിനാണ്. ഖനനവ്യവസായ മേഖലകളില്‍ അഞ്ചു ശതമാനം തൊഴിലാളികള്‍ക്കു പോലും തൊഴില്‍ സുരക്ഷിതത്വമില്ല. ഈ അഞ്ചു ശതമാനത്തിന്റെ പൊരുതിനേടിയ ചെറിയ അവകാശങ്ങള്‍ പോലും പാടില്ലെന്നാണ് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ആവശ്യം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത മുതല്‍മുടക്കാണ് ഇപ്പോഴത്തെ നടപ്പുരീതി. രാഷ്ട്രീയത്തില്‍ ഇടതുപക്ഷം എന്നറിയപ്പെടുന്നവര്‍ പല്ലുകൊഴിഞ്ഞവരാണ്. അവരും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സും മൃദുഹിന്ദുത്വത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. വഴിയില്‍ ഏതു കല്ലു കണ്ടാലും പൂജിക്കുന്നയാളായി മാറി കോണ്‍ഗ്രസ് അധ്യക്ഷന്‍. അതേസമയം തന്നെ മല്‍സരബുദ്ധിയോടെ സാമ്രാജ്യത്വ ആഗോളവത്കരണം കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രാദേശിക സാമ്പത്തിക-രാഷ്ട്രീയ ശക്തികള്‍ കൂടുതല്‍ രാഷ്ട്രീയ ഇടം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പ്രാദേശിക രാഷ്ട്രീയ കൂട്ടായ്മകളുടെ ഒരു സഖ്യം ഡല്‍ഹിയില്‍ അധികാരത്തില്‍ വരാനുള്ള മോഹത്തിലാണ്. പശുവിന്റെ വാലില്‍ തൂങ്ങിയുള്ള കൊലകളും ബലാല്‍സംഗ കൊലകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായം അട്ടിമറിക്കപ്പെടുന്നില്ലെങ്കിലും അതിനുള്ള സാധ്യത നിലവിലുണ്ട്. പശുവിന്റെ വാലില്‍ തൂങ്ങുന്നതും സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊല്ലുന്നതും പണ്ടുകാലം മുതല്‍ ബ്രാഹ്മണ നിയന്ത്രിത ഹിന്ദുത്വം അനുശാസിക്കുന്നുണ്ടെന്ന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ പറഞ്ഞത് ഈ സാഹചര്യത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതുപോലെത്തന്നെ ന്യൂനപക്ഷങ്ങളുടെ വിശ്വാസപ്രതീകങ്ങളുടെ നേര്‍ക്കുള്ള അക്രമങ്ങളും. ബാബരി മസ്ജിദ് നിരപ്പാക്കിയത് ഒട്ടും പുതിയ കാര്യമല്ല. പതിനായിരക്കണക്കിന് ബുദ്ധവിഹാരങ്ങള്‍ നിലംപരിശാക്കിയതും ലക്ഷക്കണക്കിനു ബുദ്ധമത സന്ന്യാസിമാരെ ചുട്ടുകൊന്നതും സന്ന്യാസിനിമാരെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നതും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. അങ്ങനെയാണല്ലോ ബുദ്ധമതം ഈ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതേ ഹിന്ദുത്വം തന്നെയാണ് ഇപ്പോള്‍ ഫാഷിസ്റ്റ് ഭരണക്രമം കെട്ടിപ്പടുക്കാന്‍ വേണ്ടിയുള്ള താത്ത്വികാടിത്തറയായി ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ഫാഷിസ്റ്റ് താത്ത്വികാടിത്തറയും അതിന്മേല്‍ ഉറപ്പിക്കുന്ന ഭരണകൂടവും മൂലധന ആസക്തിക്ക് പ്രയോജനപ്പെടും എന്നാണ് കോര്‍പറേറ്റ് മുതലാളിത്തം കരുതുന്നത്. അതുകൊണ്ടാണ് അവര്‍ ഈ ഫാഷിസ്റ്റ് പ്രവണതയുടെ സാമൂഹിക അടിത്തറയാവുന്നത്. ആധാര്‍ ഈ ഫാഷിസ്റ്റ് ഭരണക്രമ സ്ഥാപനപ്രക്രിയയുടെ ഭാഗമായി കാണാന്‍ കഴിയും. ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് ആധാര്‍ ജനകീയവല്‍ക്കരിച്ചത്. നിയമപരമായ സാധുത ഇല്ലാത്തപ്പോള്‍ തന്നെ സര്‍ക്കാര്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കി. എന്തിനും ആധാര്‍ വേണമെന്ന അവസ്ഥ സൃഷ്ടിച്ചു. ഏതു കാര്യം സാധിക്കുന്നതിനും ആധാര്‍ ഉണ്ടായാല്‍ മതിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ചു. അതില്ലെങ്കില്‍ റേഷനും ചികില്‍സയും ശവം മറവു ചെയ്യലും നടക്കില്ലെന്ന പ്രതീതിയുണ്ടാക്കി.                         ി(അവസാനിച്ചു)

RELATED STORIES

Share it
Top