തൊഴില്‍ശേഷി വിനിയോഗം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശംന്യൂഡല്‍ഹി: തൊഴിലില്ലായ്മയല്ല തൊഴില്‍ശേഷി ഉപയോഗിക്കപ്പെടാതിരിക്കലാണ് ഗുരുതരമായ പ്രശ്‌നമെന്ന് നീതി ആയോഗ്. ഒരാള്‍ ചെയ്യേണ്ട ജോലി രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ നിര്‍വഹിക്കുകയാണ്. ഇത്തരത്തില്‍ തൊഴില്‍ശേഷി ഉപയോഗം കുറയുന്നത് ഗുരുതരമായ പ്രശ്‌നമെന്ന് നീതി ആയോഗ് അഭിപ്രായപ്പെട്ടു. 2017-2020 കാലയളവിലേക്കുള്ള ത്രിവല്‍സര കര്‍മപദ്ധതിയുടെ കരട് റിപോര്‍ട്ടിലാണ് ഈ പരാമര്‍ശം. ഉയര്‍ന്ന ഉല്‍പാദനശേഷിയും ഉയര്‍ന്ന വേതനവുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും തൊഴിലില്ലായ്മ ചെറിയൊരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരടക്കമുള്ള നീതി ആയോഗ് അംഗങ്ങളുടെ പരിഗണനക്കായി കഴിഞ്ഞ മാസം 23ന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് (എന്‍എസ്എസ്ഒ) കണക്കുകള്‍ ഉദ്ധരിച്ച് രാജ്യത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയതെന്നു റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2011-12 സാമ്പത്തികവര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യയുടെ 49 ശതമാനം തൊഴില്‍ശേഷിയും വിനിയോഗിക്കപ്പെട്ടത് കാര്‍ഷിക രംഗത്താണ്. എന്നാല്‍, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 17 ശതമാനമാണ് ആ സാമ്പത്തികവര്‍ഷം കാര്‍ഷിക രംഗത്തു നിന്നുള്ള സംഭാവന. 2010-11 വര്‍ഷം ഇന്ത്യയിലെ ഉല്‍പാദന രംഗത്ത് 72 ശതമാനം തൊഴില്‍ശേഷി വിനിയോഗിക്കപ്പെട്ടത് ഇരുപതില്‍ കുറഞ്ഞ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളിലാണ്. എന്നാല്‍ 12 ശതമാനം മാത്രമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പാദന പങ്കാളിത്തമെന്നും നീതി ആയോഗ് എന്‍എസ്എസ്ഒയുടെ കണക്കുകള്‍ നിരത്തി പറയുന്നു.2006-07 സാമ്പത്തികവര്‍ഷം രാജ്യത്തെ ഏറ്റവും വലിയ 650 സ്ഥാപനങ്ങളില്‍ നിന്നാണ് ഉല്‍പാദനത്തിന്റെ 38 ശതമാനം. എന്നാല്‍ രാജ്യത്താകമാനമുള്ള തൊഴിലാളികളുടെ രണ്ട് ശതമാനം മാത്രമാണ് ഈ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നത്. 98 ശതമാനം തൊഴില്‍ശേഷിയും ഉപയോഗിക്കുന്ന ബാക്കി സ്ഥാപനങ്ങളെല്ലാം ചേര്‍ന്നാല്‍ 62 ശതമാനം മാത്രമാണ് ഉല്‍പാദന പങ്കാളിത്തമെന്നും റിപോര്‍ട്ടില്‍ പറയുന്നു.ചൈനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലിയ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കണമെന്നും കുറഞ്ഞകൂലിയില്‍ ലഭ്യമായ വലിയ തൊഴില്‍ശേഷിയെ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും കരട് റിപോര്‍ട്ടില്‍ നീതി ആയോഗ് നിര്‍ദേശിച്ചു. കുറഞ്ഞ അളവിലോ, ശരാശരിയോ കഴിവ് വേണ്ട ജോലികള്‍ക്കും വലിയ ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ ദക്ഷിണ കൊറിയ, തായ്‌വാന്‍, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദന രംഗത്ത് വളര്‍ച്ച നേടിയിട്ടുണ്ട്. ചൈനയിലെ ഉയര്‍ന്ന വേതനം ആവശ്യമുള്ള കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ശേഷിക്ക് പകരം പല വന്‍കിട സ്ഥാപനങ്ങളും കുറഞ്ഞ വേതനം ആവശ്യമുള്ള ഇടങ്ങള്‍ അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ തൊഴിലിടങ്ങളുടെ വ്യാപ്തിയും മല്‍സരാധിഷ്ഠിതമായ വേതനവും മുന്നോട്ടുവയ്ക്കാന്‍ സാധിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഇത്തരം സ്ഥാപനങ്ങളെ ആകര്‍ഷിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top