തൊഴില്‍മേള വീണ്ടും പ്രഹസനം; ഉദ്യോഗാര്‍ഥികള്‍ക്ക് നിരാശ

കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും അഭിമുഖം പ്രഹസനമായതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിക്കായി എത്തിയവര്‍ വെറും കൈയോടെ മടങ്ങി. എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ഇന്നലെയും ആയിരങ്ങളാണു എത്തിയത്.
എന്നാല്‍ ഇവര്‍ക്ക് അഭിമുഖം നടത്താതെ നല്‍കിയത് രശീതി മാത്രം. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഉദ്യോഗാര്‍ഥികളെ ആദ്യദിനം ക്ഷണിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനാല്‍ ഇന്റര്‍വ്യൂ നടന്നില്ല. പ്രതിഷേധം കനത്തതോടെ അപേക്ഷാഫോറം വാങ്ങി രശീതി നല്‍കി ഉദ്യോഗാര്‍ഥികളെ തിരച്ചയക്കുകയായിരുന്നു. ഇന്നലെയും അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് റോഡിലെ ഹോട്ടലില്‍ അഭിമുഖം നടത്തുമെന്നായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യം ലഭിച്ച അറിയിപ്പ്. അഭിമുഖം ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയ വിവരം ഇവരില്‍ പലരും അറിഞ്ഞിരുന്നില്ല. വിദൂര സ്ഥലങ്ങളില്‍നിന്ന് അതിരാവിലെ സ്‌കൂളിലെത്തി വരിയില്‍നിന്നു വലഞ്ഞു.
ഇതിന്റെ രോഷം പലരിലും പ്രകടമായി. അഞ്ച് തസ്തികളിലെ 117 പൊതു ഒഴിവുകളിലേക്ക് അഭിമുഖം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതുപ്രകാരം മൂവായിരത്തോളം പേര്‍ കൂടിക്കാഴ്ചയ്‌ക്കെത്തി. ഇതില്‍ പൂനെ, മുംബൈ, ചെന്നൈ, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളും കേരളത്തിലെ വിവിധ ജില്ലക്കാരും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ഥികളുടെ ബാഹുല്യത്തെ തുടര്‍ന്ന് ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
എല്ലാവരും കൂട്ടത്തോടെ എത്തിയതോടെ ഉദ്യോഗസ്ഥര്‍ വലഞ്ഞു. 500 രൂപയുടെ ഡിഡിയും മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി എത്താനാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. അഭിമുഖം നടക്കാത്തതിനാല്‍ ഡിഡി ഏല്‍പ്പിക്കില്ലെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍ ബഹളംവച്ചു. ഇതോടെ ഡിഡിയുടെ നമ്പര്‍ എഴുതിയെടുത്ത് പൂരിപ്പിച്ച അപേക്ഷ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് രശീതും നല്‍കി. എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. സീനിയര്‍ റാംപ് സര്‍വീസ് ഏജന്റ്, റാംപ് സര്‍വീസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ തസ്തികകളിലെ നിയമന നടപടികളാണ് ഇന്ന് നടക്കുക. റിക്രൂട്ട്‌മെന്റ് തിങ്കളാഴ്ച സമാപിക്കും.

RELATED STORIES

Share it
Top