തൊഴിലുറപ്പ് പദ്ധതി കൂലി കുടിശ്ശിക 14 കോടി ; തൊഴിലാളികള്‍ വറുതിയില്‍മാനന്തവാടി: ഗ്രാമപ്പഞ്ചായത്തുകള്‍ വഴി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത വകയില്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 14 കോടി. 2016 നവംബറിന് ശേഷം കൂലി വിതരണം ചെയ്യാത്തതാണ് ഇത്രയധികം കുടിശ്ശിയാവാന്‍ ഇടയാക്കിയത്. അടുത്ത മാസം വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ, ആദിവാസികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കൂലി ലഭ്യമായില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാവും നേരിടേണ്ടിവരിക. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 14 കോടി രൂപ കുടിശ്ശിക. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും കൂലി കൂടി കൂടുന്നതോടെ സംഖ്യ ഇനിയും വര്‍ധിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് കൂലി വിതരണം വൈകുന്നതിനു കാരണമായി പറയപ്പെടുന്നത്. എന്നാല്‍, ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തെ തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗക്കാരുള്‍പ്പെടെയുള്ള ഭൂരിഭാഗം സ്ത്രീകളുടെയും ഇവരുടെ കുടുംബത്തിന്റെയും ആശ്രയം തൊഴിലുറപ്പ് കൂലി മാത്രമാണ്. ഇത് യഥാസമയം ലഭിക്കാതെ വന്നാല്‍ വീട്ടുസാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ പണം നല്‍കാന്‍ കഴിയാതെ പട്ടിണിയിലേക്ക് പോവുന്ന കുടുംബങ്ങള്‍ വരെയുണ്ട്. ജില്ലയില്‍ 1,30,205 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 61,826 പേരാണ് സ്ഥിരം ജോലിയില്‍ ഏര്‍പ്പെടുന്നത്. 32,02,743 തൊഴില്‍ ദിനങ്ങളാണ് മാര്‍ച്ച് 31 വരെ ജില്ലയിലുണ്ടായത്. ഇതില്‍ 28,19,855 തൊഴില്‍ദിനങ്ങളും പ്രയോജനപ്പെടുത്തിയത് സ്ത്രീകളാണ്. 7,395 പേര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top