തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആറുമാസമായി ശമ്പളമില്ലകൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് തൊഴിലെടുത്ത 21 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറുമാസമായി വേതനം ലഭിക്കുന്നില്ലെന്ന് പരാതി. 635 കോടി രൂപയാണ് കുടിശ്ശികയായി തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. കൊല്ലം ജില്ലയില്‍ മാത്രം 100 കോടിയോളം രൂപ കുടിശ്ശികയാണ്. ജോലി ചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കണമെന്നും വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രനിയമമുള്ള പദ്ധതിയാണ് മാസങ്ങളായി വേതനം കുടിശ്ശിക ആയിരിക്കുന്നത്. രാജ്യത്താകെ 11.64 കോടി തൊഴില്‍ കാര്‍ഡുകൡലായി 25.47 കോടി തൊഴിലാളികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 6.8 കോടി കുടുംബങ്ങളില്‍പ്പെട്ട 10.29 കോടി തൊഴിലാളികള്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭിച്ചത്. ഇതും ശരാശരി 46 തൊഴില്‍ദിനങ്ങള്‍ മാത്രം. നൂറ് ദിവസം തൊഴില്‍ ലഭിച്ചതാകട്ടെ 39 ലക്ഷം തൊഴിലാളികള്‍ക്ക് മാത്രമാണ്. മുന്‍ വര്‍ഷം 48 ലക്ഷം തൊഴിലാളി കുടുംബങ്ങള്‍ക്ക് നൂറു ദിവസം തൊഴില്‍ ലഭിച്ച സ്ഥാനത്താണ് ഇപ്പോള്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞത്. പദ്ധതിക്ക് മതിയായ തുക നീക്കിവയ്ക്കാത്തതും വന്‍ തോതില്‍ വേതനം കുടിശ്ശികയാക്കുന്നതും പദ്ധതി നടത്തിപ്പിന് തടസ്സമാവുന്നുണ്ട്.കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 32.35 ലക്ഷം തൊഴിലാളി കുടുംബങ്ങളിലായി 50.05 ലക്ഷം തൊഴിലാളികളാണ്. ഇതില്‍ 18.33 ലക്ഷം കുടുംബങ്ങളിലായി 21.24 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. ശരാശരി 47 തൊഴില്‍ ദിനങ്ങള്‍. നൂറുദിവസം തൊഴില്‍ ലഭിച്ചത് 1,13,192 പേര്‍ക്ക് മാത്രമാണ്. മുന്‍ വര്‍ഷത്തെക്കാളും മെച്ചപ്പെട്ട സ്ഥിതിയല്ല കേരളത്തിലും ഉള്ളത്. സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലുള്ള ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനം വഴി വന്‍തോതില്‍ ഉല്‍പാദനവും അതുവഴി ഭക്ഷ്യസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും നേടാനാവുമെന്ന് എന്‍ആര്‍ഇജെ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാപ്രസിഡന്റ് സൂസന്‍കോടി പറഞ്ഞു. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വന്‍തോതിലുള്ള വനവല്‍ക്കരണം, ദീര്‍ഘകാല വിളകള്‍ക്കുള്ള ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനാവുമെങ്കിലും ഇതിന് കേന്ദ്രസര്‍ക്കാര്‍ വച്ചിട്ടുള്ള നിബന്ധനകളില്‍ ഇളവുകള്‍ ആവശ്യമാണ്. നിലവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ദിവസവേതനം 258 രൂപയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top