തൊഴിലുറപ്പിന് കൂലിയില്ല : പഞ്ചായത്ത് അംഗങ്ങള്‍ ബിപിഒയെ ഉപരോധിച്ചുമാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂല ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബിപിഒയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ എന്‍ആര്‍ഇജി ബിപിഒ കുഞ്ഞീത് കുട്ടിയെ ഉപരോധിച്ചത്. വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ, തൊഴിലെടുത്ത കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആദിവാസികളുള്‍പ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തവിഞ്ഞാലില്‍ മാത്രം 1.57 കോടി രൂപ കൂലിയായി നല്‍കാനുണ്ട്. 2016 നവംബര്‍ മുതലുള്ള കുടിശ്ശികയാണിത്. ഉപരോധത്തെ തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെത്തിയ തഹസില്‍ദാറെയും ഇവര്‍ ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ ജില്ലയില്‍ എത്തുന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിയൂടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഷൈമ മുരളീധരന്‍, ബാബു ഷജില്‍കുമാര്‍, ബെന്നി ആന്റണി, റഫീഖ്, എം ജി ബാബു, എല്‍സി ജോയ്, ശശികുമാര്‍ സമരത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top