തൊഴിലിടങ്ങള്‍ സുരക്ഷിതമാവണംബാബുരാജ്  ബി  എസ്

സനീഷ് പറഞ്ഞുകഴിഞ്ഞതും റാവു കാലടി ഉയര്‍ത്തിക്കാണിച്ചു. ഞങ്ങള്‍ സൂക്ഷിച്ചുനോക്കി. അവിടം പൊള്ളിവീര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അയാള്‍ മുഖമുയര്‍ത്തി. അയാളുടെ കണ്ണില്‍ വെള്ളം നിറയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കി ഡോക്ടറെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ആശുപത്രിയില്‍ തിരക്കൊന്നുമില്ല. കുറച്ചുപേര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ചിലര്‍ വരാന്തയില്‍ കൂനിക്കൂടിയിരിക്കുന്നു. ആശുപത്രിയിലെ പഴയ കെട്ടിടം ഓടിറക്കി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. പുരപ്പുറത്ത് ഏതാനും ബംഗാളി തൊഴിലാളികള്‍. ഇടയ്‌ക്കെപ്പോഴോ ഒരു ആംബുലന്‍സ് പരിക്കേറ്റ ഒരാളുമായി വന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചുപോവുകയും ചെയ്തു. മെഡിക്കല്‍ കോളജിലേക്കു പറഞ്ഞുവിട്ടിരിക്കണം. അതിനിടയിലാണ് പണി നടക്കുന്നിടത്തുനിന്ന് സനീഷിന്റെ ശബ്ദം ഉയര്‍ന്നുകേട്ടത്. ആളെ ഞാന്‍ അറിയും. കഴിഞ്ഞ വരവില്‍ പരിചയപ്പെട്ടിരുന്നു. ശബ്ദം ഉച്ചത്തിലായതോടെ ഞാന്‍ ഇറങ്ങിച്ചെന്നു. ഒരു ചെറുപ്പക്കാരിയുമായി അയാള്‍ തര്‍ക്കിക്കുകയാണ്. പെണ്‍കുട്ടിയും വിട്ടുകൊടുക്കുന്നില്ല. അന്വേഷിച്ചപ്പോള്‍ അതൊരു തൊഴില്‍പ്രശ്‌നമാണ്. അപ്പോള്‍ സമയം നട്ടുച്ചയായിരിക്കുന്നു. മെയ്മാസത്തിലെ മലരുപൊരിയുന്ന ചൂടാണ് പുറത്ത്. ഈ സമയത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യിക്കരുതെന്നാണ് നാട്ടുകാരനെന്ന നിലയില്‍ സനീഷ് വാദിക്കുന്നത്. 12 മുതല്‍ മൂന്നുവരെ പുറംജോലികള്‍ക്ക് സര്‍ക്കാരിന്റെ വിലക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. വെയിലാറുന്നതുവരെ തണലുള്ള ഭാഗത്തെ പണികള്‍ ഏല്‍പിക്കണം. പ്രൊജക്റ്റ് എന്‍ജിനീയറായ പെണ്‍കുട്ടി അതംഗീകരിക്കുന്നില്ല. തര്‍ക്കം മുറുകിയപ്പോള്‍ പെണ്‍കുട്ടി ഫോണ്‍ ചെയ്യാനായി പിന്‍വാങ്ങി. കോണ്‍ട്രാക്ടര്‍ക്കായിരിക്കണം എന്നു ഞാന്‍ ഊഹിച്ചു. തെറ്റിയില്ല, അവള്‍ നമ്പര്‍ എഴുതിയ തുണ്ടുകടലാസുമായി വന്നു. പരാതിക്കാരോട് നേരിട്ടു വിളിക്കാന്‍ കോണ്‍ട്രാക്ടര്‍ പറഞ്ഞിരിക്കുകയാണ്. നമ്പര്‍ വാങ്ങിയെങ്കിലും സനീഷ് വിളിച്ചില്ല. ഇത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ലെന്നും ബംഗാളി തൊഴിലാളികള്‍ സംഘടിതരല്ലാത്തതുകൊണ്ടു മാത്രമാണ് ഇതെന്നും അയാള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതേ ജോലിചെയ്യുന്ന ആളാണ് താനെന്നും അവിടെയൊന്നും ഈ സമയങ്ങളില്‍ തുറന്ന അന്തരീക്ഷത്തില്‍ ഇങ്ങനെ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്നും അതു ലംഘിക്കുന്ന തൊഴിലുടമകളെ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അയാള്‍ വിശദീകരിച്ചു. അതിനിടയില്‍ തൊഴിലാളികളിലൊരാള്‍ ഇറങ്ങിവന്നു. ഹുഗ്ലി ജില്ലയില്‍നിന്നുള്ളവരാണ് പണിക്കാര്‍. ഞങ്ങള്‍ക്കടുത്തേക്ക് വന്നയാളുടെ പേര് ഡി ബി റാവു. ആ സമയത്ത് ജോലിചെയ്യുന്നത് എന്തിനാണെന്ന് സനീഷ് ചോദിച്ചു. അയാള്‍ ദയനീയമായി ഞങ്ങളെ നോക്കി. തുടര്‍ന്നാണ് അയാള്‍ പൊള്ളാന്‍ തുടങ്ങിയ കാലടി ഉയര്‍ത്തിക്കാണിച്ചത്. ജോലിചെയ്യാന്‍ നിര്‍ബന്ധിതനാണെങ്കിലും റാവു നിയമങ്ങളെക്കുറിച്ച് ബോധവാനാണ്. എങ്കിലും അനീതി തടയാനുള്ള അവസ്ഥയിലായിരുന്നില്ല അയാള്‍. പെണ്‍കുട്ടിയുമായി തര്‍ക്കിച്ചിട്ട് എന്തു കാര്യമെന്ന് സനീഷിനും തോന്നിയിരിക്കണം. പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുന്നതായിരിക്കും നല്ലതെന്ന് ചുറ്റും കൂടിയവരും പറഞ്ഞു. ഒടുവില്‍ സനീഷ് പരാതിപറയാന്‍ പുറപ്പെട്ടു. എന്നെയും കൂട്ടി. എന്തായാലും സനീഷിന്റെ ഇടപെടല്‍ നിഷ്ഫലമായില്ല. പോലിസ് കോണ്‍ട്രാക്ടറെ വിളിച്ചു. ആദ്യം നിഷേധിച്ചെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാമെന്ന് ഒടുവില്‍ സമ്മതിച്ചു. അവകാശബോധമുള്ള തൊഴിലാളികളുടെ കേന്ദ്രമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമരം നടക്കുന്നത് കേരളത്തിലാണത്രേ. അതേസമയം തൊഴിലാളികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കേരളം ഒരു മരണക്കെണിയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഇത് ഗുരുതരമായ പ്രശ്‌നവുമാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ തൊഴില്‍ ചെയ്തതിന്റെ ഭാഗമായി മരണപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രോഗികളായവരും നിരവധി. തൊഴിലിടങ്ങള്‍ സുരക്ഷിതമാവണമെന്ന് തൊഴിലുടമകളും സര്‍ക്കാരും കരുതുന്നില്ല. അത് തൊഴിലാളികളുടെ അവകാശമാണെന്ന് സംഘടനകളും വിചാരിക്കുന്നില്ല. കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ ദേശീയപാത തടഞ്ഞ സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഏലൂര്‍ മേഖലയില്‍ പുകക്കുഴല്‍ വൃത്തിയാക്കുന്ന 'അധോലോക' തൊഴിലാളികളുണ്ടെന്ന് ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ യൂനിയനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമയത്ത് കേട്ടിട്ടുണ്ട്. കൊച്ചിയില്‍ ആറുമാസം മുമ്പു വന്ന ഒരു പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച പ്രശാന്ത് എന്ന സുഹൃത്ത് പറഞ്ഞതും ഇത്തരമൊരു കഥയാണ്. ആ തൊഴിലില്‍ ചേരുന്നതിന് കമ്പനി വച്ച നിബന്ധന വിചിത്രമായിരുന്നു. മാസത്തിലൊരിക്കലേ കമ്പനി വിട്ടു പുറത്തുപോവാന്‍ അധികാരമുള്ളുവത്രേ. ആ സമയത്ത് പുറംലോകവുമായി ബന്ധപ്പെടുന്നതിലും വിലക്കുണ്ട്. ഭാഗ്യം പ്രശാന്ത് ആ ജോലി സ്വീകരിച്ചില്ല. തീര്‍ച്ചയായും മറ്റൊരാള്‍ ആ ജോലി സ്വീകരിച്ചിരിക്കണം. ഈയാഴ്ച വീണ്ടും ആശുപത്രിയിലേക്ക് പോവേണ്ടിവന്നു. സമയം ഉച്ച. പണി നടക്കുന്നിടത്തേക്ക് മനപ്പൂര്‍വം ഞാന്‍ നോക്കിയില്ല. പക്ഷേ, പുരപ്പുറത്തുനിന്ന് ചില തട്ടലും മുട്ടലും കേട്ടുവെന്ന് എനിക്കുറപ്പാണ്.

RELATED STORIES

Share it
Top