തൊഴിലാളി സമരം: കുതിരാന്‍ തുരങ്കപാത തുറക്കുന്നത് വൈകും

മണ്ണുത്തി: കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറക്കുന്നത് ഇനിയും വൈകും. തുരങ്കപാത തുറന്ന് ടോള്‍പിരിവ് ആരംഭിക്കാനുള്ള കമ്പനിയുടെ നീക്കം പാളി. മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ്.
ഒരു തുരങ്കമാണ് നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. മാര്‍ച്ച് ആദ്യവാരം തുരങ്കം ഗതാഗതത്തിനായി തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തുരങ്കം നിര്‍മ്മിക്കുന്ന പ്രഗതി കമ്പനി തങ്ങള്‍ക്ക് കീഴിലുള്ള കരാറുകാര്‍ക്ക് പണം നല്‍കാതായതോടെ കരാറുകാര്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ഇതോടൊപ്പം തന്നെ തുരങ്കത്തിനടുത്തുള്ള പ്രദേശവാസികളും സമരത്തിലാണ്. തുരങ്കത്തിന്റെ ഇരുമുഖത്തും ബസ് സ്‌റ്റോപ്പ് വേണമെന്നുതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
കുതിരാന്‍ തുരങ്കത്തിലൂടെ ഗതാഗതമാരംഭിച്ചാല്‍ ഉടന്‍ ടോള്‍ പിരിവ് ആരംഭിക്കാമെന്നാണ് ആറുവരിപ്പാത നിര്‍മ്മാതാക്കളായ കെ.എം.സി. കമ്പനി കണക്കുകൂട്ടിയിരുന്നത്. ഇതിന്റെ ഭാഗമായി മണ്ണുത്തി, വടക്കഞ്ചേരി മേല്‍പ്പാലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ച് വരികയാണ്. ഇതേസമയം നിലവിലെ പാത പൊളിച്ചുനീക്കാനുള്ള കമ്പനിയുടെ ശ്രമത്തിനെതിരെ പ്രദേശവാസികള്‍ സമരം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തുരങ്കപാത ഗതാഗതയോഗ്യമാക്കാതെ നിലവിലെ റോഡ് പൊളിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉത്തരവിട്ടു.
നിലവിലെ പാത നിലനിര്‍ത്തുന്നതിന് പിറകില്‍ കുതിരാനിലെ ക്ഷേത്രം അധികൃതരുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കുതിരാന്‍ അയ്യപ്പക്ഷേത്രം ഏതെങ്കിലും ദേവസ്വത്തിന്റെ കീഴിലല്ല. ഇത് കുടുംബക്ഷേത്രമാണ്. കുതിരാന്‍ വഴി സഞ്ചരിക്കുന്നവര്‍ ക്ഷേത്രത്തിലേക്ക് പണമെറിയുക പതിവാണ്.
ലക്ഷക്കണക്കിന് രൂപയാണ് നിലവില്‍ ക്ഷേത്രത്തിന് മാസം തോറുമുള്ള വരുമാനം. തുരങ്കപാത ഗതാഗതയോഗ്യമാവുകയും നിലിവിലെ പാത അടയ്ക്കുകയും ചെയ്താല്‍ ക്ഷേത്രത്തിന്റെ വന്‍ വരുമാനം ഇല്ലാതാകും.
ഇതാണ് ഈ പാത നിലനിര്‍ത്തുന്നതില്‍ ചിലര്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന കമ്പനിയുടെ ആരോപണത്തിന് പിന്നിലുള്ളത്. ഇങ്ങനെയാണെങ്കിലും ഒരു മാസത്തിനകം തുരങ്കപാത തുറന്നുകിട്ടിയേക്കും. ഇതോടെ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് എന്ന പേരില്‍ ആറുവരിപ്പാതയിലെ തേനിടുക്കില്‍ ടോള്‍ പിരിവ് ആരംഭിക്കുകയും ചെയ്യും.

RELATED STORIES

Share it
Top