തൊഴിലാളിയുടെ മരണം: നാട്ടുകാര്‍ റബര്‍ ഫാക്ടറി ഉപരോധിച്ചു

കടയ്ക്കല്‍: റബര്‍ ഫാക്ടറിയുടെ സംസ്‌കരണ പ്ലാന്റില്‍ വീണ് മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ഫാക്ടറി ഉപരോധിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സുരക്ഷിതത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഉപരോധം. സ്ത്രീകളും കുട്ടികളുമടക്കം നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പോലിസും ജനപ്രതിനിധികളും ഇടപെട്ട് രംഗം ശാന്തമാക്കുകയും മൃതദേഹം മറവുചെയ്യുകയുമായിരുന്നു.  ചിതറ കണ്ണങ്കോട് ഗണപതിവേങ്ങയിലുള്ള സാസ് റബ്ബര്‍ സംസ്‌കരണ ഫാക്ടറിയിലെ അമോണിയ പ്ലാന്റിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഗണപതി വേങ്ങ ലതാ ഭവനില്‍ ജയന്‍ (39) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണ്ണങ്കോട് സുന്ദര വിലാസത്തില്‍ സുന്ദര(41)നെ ഗുരുതരമായ പരിക്കുകളോടെ മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ആറ് മണിയോടെ കൊണ്ട് വന്ന മൃതദേഹവുമായി നാട്ടുകാര്‍ ഫാക്ടറി ഉപരോധിക്കുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ഫാക്ടറി അടച്ചു പൂട്ടുമെന്നുമുള്ള കലക്ടറുടെ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം വാക്കേറ്റത്തില്‍ കലാശിച്ചു. കടയ്ക്കലില്‍ നിന്നും പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഉറച്ച നിലപാടില്‍ നാട്ടുകാര്‍ ഉപരോധം ശക്തമാക്കിയതോടെ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, പഞ്ചായത്ത് പ്രസിഡന്റ് സുജിതാകൈലാസ്, ജില്ലാ പഞ്ചായത്തംഗം പി ആര്‍ പുഷ്‌കരന്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ച് രാത്രിയോടെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് രണ്ടായിരത്തി പതിനാറ് മാര്‍ച്ചില്‍ ചിതറ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ഫാക്ടറിയിയക്കുള്ള പ്രവേശനാനുമതി നേടിയ ഉടമ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു. തൊഴിലാളി മരിച്ച സംഭവത്തെ തുടര്‍ന്ന് കലക്ട്രേറ്റിലെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് സെക്ഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഫാക്ടറി പൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി

RELATED STORIES

Share it
Top