തൊഴിലാളികള്‍ വീണ്ടും സമരത്തില്‍; ദേശീയപാത നിര്‍മാണം നിലച്ചു

വടക്കഞ്ചേരി: ലേബര്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ച സമയം കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി. ഇതോടെ ദേശീയപാതാ നിര്‍മാണം ഇന്നലെ പൂര്‍ണമായി നിലച്ചു. ദേശീയപാതാ നിര്‍ണാണത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്നൂറോളം തൊഴിലാളികളാണ് ജോലി നിര്‍ത്തിയിരിക്കുന്നത്. പണിമുടക്കിയവരില്‍ നൂറോളംപേര്‍ കരാര്‍ കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികളാണ്. മറ്റുള്ളവര്‍ കരാര്‍ പ്രവൃത്തി ഉള്‍പ്പെടെ ചെയ്യുന്നവരും. കരാര്‍ കമ്പനിക്ക് വേണ്ടി വാഹനങ്ങള്‍ വാടകക്ക് നല്‍കിയ മുതലാളിമാരും അതിലെ ജീവനക്കാരുമെല്ലാം പണിമുടക്കിയവരില്‍പ്പെടും. കഴിഞ്ഞ ആഗസ്ത് മുതല്‍ നാലുമാസത്തെ ശമ്പള കുടിശ്ശിക തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 30നുള്ളില്‍ രണ്ടു മാസത്തെ ശമ്പളമെങ്കിലും തരണമെന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെടുകയും നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ശമ്പളം യഥാസമയം നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. ഇതെതുടര്‍ന്ന് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയപ്പോള്‍ ലേബര്‍ ഓഫിസര്‍ ഇടപെടുകയും ഡിസം 12 നുള്ളില്‍ രണ്ടു മാസത്തെ ശമ്പളവും പിഎഫും നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉറപ്പിലാണ് തൊഴിലാളികള്‍ വീണ്ടും പ്രവൃത്തി തുടര്‍ന്നത്. എന്നാല്‍ ലേബര്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ശമ്പളം കിട്ടാതായതോടെയാണ് സമരവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്. പണിമുടക്കിയ തൊഴിലാളികള്‍ കരാര്‍ കമ്പനിയുടെ ഓഫിസിലേക്കും പ്ലാന്റിലേക്കുമുള്ള റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡിന് കുറുകെ ലോറിയിട്ട് വഴി തടയുകയായിരുന്നു. പ്ലാന്റിലേക്കുള്ള റോഡ് തടഞ്ഞതോടെ ദേശീയപാതാ നിര്‍മാണം പൂര്‍ണമായി നിലച്ചു. വടക്കഞ്ചേരി, മണ്ണുത്തി മേല്‍പാലങ്ങളുടെ നിര്‍മാണവും കുതിരാന്‍ തുരങ്കത്തിലെ ടാറിങ്ങും നടന്നില്ല. കുതിരാന്‍ തുരങ്കം ജനുവരിയോടെ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കരാര്‍ കമ്പനി തന്നെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ നീങ്ങുന്നത്. രണ്ടുമാസത്തെയെങ്കിലും ശമ്പളവും പിഎഫും നല്‍കിയാല്‍ മാത്രമേ തുടര്‍ന്ന് ജോലിക്കിറങ്ങുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ നിലപാട്. കരാര്‍ കമ്പനിക്ക് വേണ്ടി വാടകക്ക് ഓടുന്ന വാഹനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളത്.മെസ്സ് നടത്തുന്നയാള്‍ക്കും വന്‍തുക നല്‍കാനുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് സമരം ചെയ്യേണ്ടി വരുന്നത്. നേരത്തെ ശമ്പളപ്രശ്‌നം കാരണം നൂറോളം പേര്‍ രാജിവച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അതിവേഗം പുരോഗമിച്ചിരുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. നിര്‍മാണം നിലച്ചതും ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയും ദേശീയ പാതയില്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top