തൊഴിലാളികള്‍ക്ക് തൊഴില്‍ സാഹചര്യം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം: മന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ വികസന പ്രക്രിയയ്ക്ക് വ്യാപാരി വ്യവസായികളുടെയും തൊഴിലാളികളുടെയും സഹകരണം അനിവാര്യമെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. കേരളത്തിലെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 2017 വര്‍ഷത്തെ വജ്ര, സുവര്‍ണ, രജത ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റുകള്‍ എറണാകുളം ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുടമകളുടെ പ്രശ്‌നപരിഹാരത്തിനൊപ്പം തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ തൊഴില്‍ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മികച്ച തൊഴില്‍ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴിലന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസനത്തില്‍ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗ്രേഡിങ് നടത്തിയത്. മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതടക്കം തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുകയാണ് ഗ്രേഡിങ് സംവിധാനത്തിന്റെ മുഖ്യലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അഞ്ചു മിനിറ്റ് പോലും ഇരിക്കാനുള്ള അവകാശമില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 26 മേഖലകളിലാണ് മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്ത്രീകള്‍ അടക്കമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും അന്തസ്സായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഏര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്. വ്യാപാരികളും വ്യവസായികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടും സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നു മന്ത്രി പറഞ്ഞു. സംതൃപ്തമായ തൊഴില്‍മേഖലയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വികസനപ്രക്രിയക്ക് ഇത് അനിവാര്യമാണ്. അതിന് വ്യാപാരിവ്യവസായി സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, ജ്വല്ലറി, ആശുപത്രികള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും, സ്റ്റാര്‍ ഹോട്ടലുകള്‍, ഐടി സ്ഥാപനങ്ങള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ എന്നിവയിലാണ് ആദ്യഘട്ടമായി ഗ്രേഡിങ് നടപ്പാക്കിയത്. 941 അപേക്ഷകള്‍ ഗ്രേഡിങിനു പരിഗണിക്കുന്നതിനായി ലഭിച്ചു. ഇതില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി 446 അപേക്ഷകള്‍ തൊഴില്‍വകുപ്പ് പരിഗണിച്ചു. 271 സ്ഥാപനങ്ങള്‍ വജ്ര ഗ്രേഡിനും 119 സ്ഥാപനങ്ങള്‍ സുവര്‍ണ ഗ്രേഡിനും 56 സ്ഥാപനങ്ങള്‍ രജത ഗ്രേഡിനും അര്‍ഹമായി.

RELATED STORIES

Share it
Top