തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത; ഫാക്ടറിക്ക് മുന്നില്‍ വാക്കേറ്റംചന്ദനത്തോപ്പ്: ചാത്തിനാംകുളം കാപ്പെക്‌സ് ഫാക്ടറിയില്‍ പണിമുടക്കിനെ ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ ഭിന്നത. ഇന്നലെ ഐഎന്‍ടിയുസി യൂനിയന്‍ പണിമുടക്ക് ആഹ്വാനം ചെയ്ത് കൊണ്ട് നോട്ടീസ് നല്‍കിയെങ്കിലും സിഐടിയു യൂനിയന്‍ ഇടപെട്ട് ഇരുപതോളം തൊഴിലാളികളെ ജോലിയില്‍ കയറ്റിയതാണ് തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാകാന്‍ കാരണമായത്. രാവിലെ ജോലിയില്‍ പ്രവേശിക്കാന്‍ വന്ന ഇരുപതോളം തൊഴിലാളികളെ ഐഎന്‍ടിയുസി നേതാക്കളും തൊഴിലാളികളും ഇടപെട്ട് തടയുന്നത് സിഐടിയു നേതാക്കളെ പ്രകോപ്പിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്ന് കമ്പനി മാനേജര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് മാനേജെരെ സമീപിച്ചപ്പോള്‍ പണിമുടക്കുമായി ബന്ധപ്പെട്ട് ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും അതിനാലാണ് ജോലി വച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പോലിസ് ഇടപെട്ട് ജോലിക്ക് കയറാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികളെ കയറ്റുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് തൊഴിലാളികള്‍ പിന്നീട് കയറാന്‍ ശ്രമിച്ചങ്കിലും സമയം വൈകിയതിനാല്‍ അധികൃതര്‍ അവരെ കയറ്റി വിടാതിരുന്നത് തൊഴിലാളികളെ പ്രകോപ്പിച്ചു. പണിമുടക്കാണെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചതിനാലാണ് ജോലിക്ക് രാവിലെ എത്താഞ്ഞതെന്ന് അവര്‍ പറഞ്ഞെങ്കിലും കയറ്റിയില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ചാത്തിനാംകുളം ഡിവിഷന്‍ കൗണ്‍സിലര്‍ എ നിസാര്‍ പ്രശ്‌ന പരിഹാരത്തിനായി മാനേജരെ കാണാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് തുറക്കാഞ്ഞത് വീണ്ടും പ്രതിഷേധത്തിന് കാരണമായി. നാട്ടുകാരും തൊഴിലാളികളും കൗണ്‍സിലറെ കയറ്റി വിടാത്തതിനെതിരേ ശക്തമായി പ്രതിഷേധിച്ചപ്പോള്‍ അധികാരികള്‍ ഗേറ്റ് തുറക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ എസ്‌ഐ പ്രശാന്തും യൂനിയന്‍ നേതാക്കളും മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് തൊഴിലാളികളെ കൂടി ജോലിയില്‍ കയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്ക് കയറാന്‍ തയ്യാറായില്ല. ജോലിയില്ല എന്ന് നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജോലിക്ക് വരാത്ത ഭൂരിഭാഗം തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് ട്രേഡ് യൂനിയനുകള്‍ ചെയ്തതെന്ന് അവര്‍ പറഞ്ഞു.നോട്ടീസ് കൊടുത്തിട്ടും ജോലിവെച്ച് സമരംപൊളിക്കാന്‍ മാനേജറും സിഐടിയു യൂനിയനും നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും മാനേജര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഐഎന്‍ടിയുസി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പണിമുടക്കിന്റെ നോട്ടീസ് തന്നിട്ടില്ല, അതിനാലാണ് ജോലിവച്ചതെന്നും മാനേജര്‍ പറഞ്ഞു.

RELATED STORIES

Share it
Top