തൊഴിലാളികളെ ബന്ദിയാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മാവോയിസ്റ്റുകളുടെ വാര്‍ത്താക്കുറിപ്പ്

കല്‍പ്പറ്റ:  ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മാവോയിസ്റ്റുകള്‍. തൊഴിലാളികളെ ബന്ദിയാക്കിയെന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും തൊഴിലാളികളെ ബന്ദിയാക്കുന്നത് തങ്ങളുടെ നയമല്ലെന്നും മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് പ്രസ്‌ക്ലബില്‍ ലഭിച്ച പത്രക്കുറിപ്പില്‍ പറയുന്നു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ടം വക്താവ് അജിതയുടെ പേരിലുള്ളതാണ് വാര്‍ത്താക്കുറിപ്പ്.

പതിവ് ഗൃഹസന്ദര്‍ശനത്തിന്റ ഭാഗമായാണ് സംഭവസ്ഥലത്ത് തങ്ങളെത്തിയതെന്നും തൊഴിലാളികളോട് അവരുടെ തൊഴിലിനെ കുറിച്ചും ജീവിത ദുരിതങ്ങളെ കുറിച്ചും ചോദിച്ചറിയുകയായിരുന്നു ചെയ്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മാവോയിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദലിനെ കുറിച്ചും സംസാരിച്ചു. ഇതിനിടെ പുറത്ത് പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടില്‍ പോയി തങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. മറ്റ് രണ്ടു പേരും തങ്ങള്‍ പിരിയുന്നത് വരെ തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കിയെന്നുള്ള നുണപ്രചാരണമാക്കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
മാന്യമായാണ് തങ്ങള്‍ തൊഴിലാളികളോട് പെരുമാറിയത്. രാത്രി ഒന്‍പത് മണി വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അറിഞ്ഞപ്പോഴാണ് തങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. വാസ്തവം ഇതായിരിക്കെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരി തേക്കാനും ജനങ്ങളില്‍ നിന്ന് അകറ്റാനുമുള്ള ഭരണകൂടത്തിന്റെ ഗൂഡാലോചനയാണ് പോലീസ് പുറത്തുവിട്ട കഥകളിലുള്ളത് എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.RELATED STORIES

Share it
Top