തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ ഒന്നിക്കണം: എ വാസുകോട്ടക്കല്‍: തൊഴിലാളികളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ എ വാസു. എസ്ഡിടിയു കോട്ടക്കലില്‍ സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂഷകവര്‍ഗത്തിന്റെ ഇരകളാക്കപ്പെടുന്ന തൊഴിലാളികള്‍ സ്വത്വബോധം നഷ്ടപ്പെട്ട ആള്‍ക്കൂട്ടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പ്രദായിക തൊഴിലാളി യൂനിയനുകളും ചൂഷകവര്‍ഗത്തിനൊപ്പം നിന്ന് തൊഴിലാളികളെ കറവപ്പശുക്കളാക്കുകയാണ്. ഇതിനെതിരായ മുന്നേറ്റമാണ് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ ലക്ഷ്യം വയ്ക്കുന്നത്. തൊഴിലാളി വര്‍ഗത്തെ ആത്മബോധത്തിന്റെയും ആത്മസംതൃപ്തിയുടെയും മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്ന് തുടര്‍ന്നു സംസാരിച്ച എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു.  എസ്ഡിടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി അബ്ദു ല്‍ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം മെയ്ദിന സന്ദേശം നല്‍കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, കാജാ ഹുസയ്ന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ടി എം ഷൗക്കത്ത്, സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കമ്മന, അഷ്‌റഫ് പുളിക്കലകത്ത്, സലീം കാരാടി സംസാരിച്ചു. മെയ്ദിനറാലിക്ക് സ്വാലിഹ് വളാഞ്ചേരി, ദിലീഫ് അബ്ദുല്‍ഖാദര്‍, കബീര്‍ തിക്കോടി, അഷ്‌റഫ് കോളിയടക്ക, വി പോക്കര്‍, ആര്‍ വി ഷഫീര്‍, എസ് സക്കീര്‍ ഹുസൈന്‍, സവാദ് വടകര, നാസര്‍ പരൂര്‍, പി പി അബ്ദുല്‍സലാം, യു എം മുഹമ്മദലി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top