തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

കാസര്‍കോട്: മല്‍സ്യതൊഴിലാളികള്‍ക്ക് ചാകരകൊയ്ത്തിന്റെ കാലത്ത് കാസര്‍കോട്ടെ മല്‍സ്യതൊഴിലാളികള്‍ക്ക് വറുതി. ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് എവിടെയും നല്ല നാളുകളാണെങ്കില്‍ കാസര്‍കോട് ഭീതിയുടെയും ദാരിദ്ര്യത്തിന്റെയും ദിനങ്ങളാണ്. ജില്ലയില്‍ സുരക്ഷിതമായ ഒരു ഹാര്‍ബര്‍ പോലും നിലവിലില്ല. നിര്‍മാണം ആരംഭിച്ച കാസര്‍കോട്, അജാനൂര്‍, മഞ്ചേശ്വരം, ചെറുവത്തൂര്‍ ഹാര്‍ബറുകളെല്ലാം മല്‍സ്യതൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. കാസര്‍കോട് നിര്‍മിച്ച പുലിമുട്ടിലെ 54 മീറ്റര്‍ ചന്ദ്രഗിരി പുഴിയിലാണ് കിടക്കുന്നത്.
അഴിമുഖത്ത് മണ്ണിടിഞ്ഞ് വീണ് തോണികള്‍ക്ക് നങ്കൂരമിടാന്‍ പറ്റാത്ത സ്ഥിതിയാണ്. 30 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ ഹാര്‍ബറിന്റെ അഴിമുഖത്തിന് നീളം കൂട്ടണമെങ്കില്‍ 59 കോടി രൂപ നബാര്‍ഡില്‍ നിന്നും ലഭിക്കണം. ഈ അഴിമുഖത്ത് 2017ല്‍ മൂന്നു തോണികളും 2016ല്‍ അഞ്ചു തോണികളും അപടകടത്തില്‍പ്പെട്ട് തകര്‍ന്നിരുന്നു. എന്നാല്‍ എട്ടു തോണികളുടെ ഉടമസ്ഥര്‍ക്കും യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ല. ചെറുവത്തൂര്‍ ഹാര്‍ബറില്‍ മണ്ണിടിഞ്ഞുവീണ് തോണികള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. കാലവര്‍ഷത്തിന് മുമ്പ് അഴിമുഖത്തെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മാറ്റുമെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപ്പിലായില്ല.
മഞ്ചേശ്വരം ഹാര്‍ബറിന്റെ അഴിമുഖത്തിന് നൂറുമീറ്റര്‍ മാത്രമേ നീളമുള്ളു. ഇത് 300 മീറ്റര്‍ ആക്കിയാല്‍ മാത്രമേ മല്‍സ്യബന്ധനതൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുകയുള്ളു. ഇതിന് 60 കോടി രൂപ ആവശ്യമാണ്. 46.68 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ ഹാര്‍ബറിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലം പൊസോട്ട് കടപ്പുറത്തെ 60ഓളം വീടുകള്‍ തകര്‍ന്നിരുന്നു. ഹാര്‍ബര്‍ എന്‍ജിനിയര്‍മാരുടെ പിടിപ്പുകേടാണ് ഇതിന്റെ കാരണമെന്ന് ധീവരസഭ സംസ്ഥാന വൈസ്പ്രസിഡന്റ് യു എസ് ബാലന്‍ പറഞ്ഞു. കടല്‍ക്ഷോഭത്തിലും കാലവര്‍ഷത്തിലും അപടകടത്തില്‍പ്പെടുന്ന മല്‍സ്യതൊഴിലാളികളുടെ സുരക്ഷയ്ക്ക് ജില്ലയില്‍ യാതൊരു സംവിധാനവുമില്ല. അപകടമുണ്ടായാല്‍ കണ്ണൂരില്‍ നിന്നും ജീവന്‍രക്ഷാബോട്ട് എത്തേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷത്തി—നുള്ളില്‍ ജില്ലയില്‍ 11ഓളം മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കാലവര്‍ഷത്തില്‍ ജീവഹാനി സംഭവിച്ചത്. ജില്ലയില്‍ 8400ഓളം അംഗീകൃത മല്‍സ്യത്തൊഴിലാൡകളാണുള്ളത്. അനൗദ്യോഗികമായി 9400ഓളം വരും. ഇതിനുപുറമേ 400ഓളം ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളുണ്ട്. നീലേശ്വരം അഴിത്തലയിലാണ് ഏറ്റവും കൂടുതല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോകുന്നത്. ഇവിടെമാത്രം അറുപതോളം തോണികളുണ്ട്. മല്‍സ്യത്തിന്റെ ലഭ്യതക്കുറവും മല്‍സ്യബന്ധനത്തിന്റെ പ്രതിസന്ധിയും മൂലം ഈ മേഖലയിലെ പലരും പ്രതിസന്ധിയിലാണ്. തോണി വാങ്ങാന്‍ ഏഴുലക്ഷം രൂപ കടമെടുത്ത കാഞ്ഞങ്ങാട്ടെ പ്രവീണ്‍ ഇന്നു ജപ്തിഭീഷണിയിലാണ്. ഒരു ദിവസം തോണിയുമായി മല്‍സ്യബന്ധനത്തിന് പോകാന്‍ 800 രൂപ രൂപയുടെ ചെലവ് വരും. എന്നാല്‍ 500 രൂപയുടെ മല്‍സ്യം പോലും ലഭിക്കുന്നില്ലെന്നും പ്രവീണ്‍ പറഞ്ഞു.
മല്‍സ്യംലഭിക്കാത്തതിനാല്‍ മല്‍സ്യവില്‍പനക്കാരും പട്ടിണിയിലാണ്. ട്രോളിങ് നിരോധനകാലത്ത് മല്‍സ്യതൊഴിലളികള്‍ക്ക് മുന്‍കാലങ്ങളില്‍ സൗജന്യറേഷന്‍ അനുവദിക്കാറുണ്ട്. ഇതു ഗുണമേന്മയില്ലാത്തതിനാല്‍ ഈവര്‍ഷം ട്രോളിങിന് മുന്നോടിയായി കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സൗജന്യറേഷനു പകരം പണം അക്കൗണ്ടില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു തൊഴിലാളിക്കും പണം ലഭിച്ചിട്ടില്ല. മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് ജി നാരായണന്‍ പറഞ്ഞു.

RELATED STORIES

Share it
Top