തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്നു: ട്രേഡ് യൂനിയന്‍ നേതാക്കള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്‌ടോബര്‍ രണ്ടു മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി തൊഴിലാളികളുടെ കൂട്ടായ വിലപേശല്‍ അവകാശത്തെ നിഷേധിക്കുന്നതാണു ട്രേഡ് യൂനിയന്‍ നേതാക്കള്‍. നവ, ഉദാരവല്‍ക്കരണ നയങ്ങള്‍ക്കനുസൃതമായി നീതിന്യായപീഠങ്ങള്‍ വിധി പുറപ്പെടുവിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ അംഗീകൃത ട്രേഡ് യൂനിയനുകള്‍ നിയമാനുസൃതം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് സമരം നടത്തുന്നത്. പണിമുടക്കിനെ ചോദ്യംചെയ്ത് ഹരജി സമര്‍പ്പിച്ച വ്യക്തിയുടെ വാദം മാത്രം കേട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി പ്രസ്താവിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു.
നവംബര്‍ 15ന് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ദേശീയാടിസ്ഥാനത്തില്‍ പണിമുടക്കുകയാണ്. ഡിസംബര്‍ 7ന് വൈദ്യുതി ജീവനക്കാര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ട്രേഡ് യൂനിയനുകള്‍ സപ്തംബര്‍ 28ന് സംഘടിപ്പിക്കുന്ന ദേശീയ കണ്‍വന്‍ഷന്‍ മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ദേശീയ പണിമുടക്കിനാഹ്വാനം ചെയ്യാന്‍ പോവുകയാണ്. ഇതെല്ലാം കോടതിവിധികളിലൂടെ വിലക്കാന്‍ പുറപ്പെട്ടാല്‍ രാജ്യത്തിന്റെ സ്ഥിതി എന്താവുമെന്നും നേതാക്കള്‍ ചോദിച്ചു.

RELATED STORIES

Share it
Top