തൊഴിലാളികളുടെ അപ്പച്ചന്‍ ഡോക്ടര്‍ ഓര്‍മയായി

കുമളി: തോട്ടം മേഖലയില്‍ നാല് പതിറ്റാണ്ടുകാലം ആതുരസേവന പ്രവര്‍ത്തനം നടത്തിയ അപ്പച്ചന്‍ ഡോക്ടര്‍ ഓര്‍മായി. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി കൊല്ലമല ഡോ. കെ എം തോമസ് (98) എന്ന അപ്പച്ചന്‍ ഡോക്ടറാണ് അടുത്തകാലം വരെ തോട്ടം മേഖലയിലെ ആരോഗ്യമേഖലയില്‍ സ്വാന്തനമായത്. പുതുപ്പള്ളി മങ്ങാനം മന്ദിരം ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കവേയാണ് 1980കളില്‍ ഡോ. തോമസ് കുമളിയില്‍ എത്തുന്നത്. ചെറിയൊരു ക്ലിനിക്കായാണ് തുടക്കം. പെരിയാര്‍ നദിയുടെ ഉത്ഭവസ്ഥാനം ഉള്‍പ്പെടുന്ന കുമളിയില്‍ എത്തിയ ഡോക്ടര്‍ക്ക് തന്റെ സ്ഥാപനത്തിന് പേര് നല്‍കുന്നതില്‍ രണ്ട് തവണ ചിന്തിക്കേണ്ടി വന്നില്ല.
ക്ലീനിക്കായായി തുടങ്ങിയ ഈ സ്ഥാപനം പിന്നീട് പെരിയാര്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ പ്രശസ്തമാകുകയായിരുന്നു. പ്രായത്തെ ബഹുമാനിച്ച് ജീവനക്കാരും വേണ്ടപ്പെട്ടവരും ഡോ. തോമസിനെ അപ്പച്ചന്‍ ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്.  ഒപ്പം വൈഎംസിഎ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തും നാട്ടുകാരുടെ അപ്പച്ചന്‍ സജീവമായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ശാരീരിക അവശത മൂലം നടക്കാന്‍ കഴിയാതായതോടെ ഒരു ഊന്നുവടി അപ്പച്ചന്‍ ഡോക്ടറുടെ സന്തത സഹചാരിയായി മാറിയിരുന്നു. അപ്പച്ചന്‍ ഡോക്ടര്‍ കിടപ്പിലായതോടെ ആശുപത്രി നോക്കാന്‍ ആളില്ലാതായി. ഇതോടെ രണ്ടു വര്‍ഷം മുമ്പ് ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top