തൊപ്പിയിട്ടതിന് മുസ്‌ലിം യുവാക്കള്‍ക്ക് മര്‍ദനം

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ തൊപ്പി ധരിച്ചതിനു രണ്ട് മുസ്‌ലിം യുവാക്കളെ യുവമോര്‍ച്ചാ സംഘം ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞെത്തിയ പോലിസ് ഉേദ്യാഗസ്ഥനെയും സംഘം ആക്രമിച്ചു.
ശനിയാഴ്ച രാത്രി ഫിറോസാബാദ് ജില്ലയിലെ ഗാന്ധിപാര്‍ക്കിന് സമീപത്തെ ബസ് സ്‌റ്റോപ്പിലാണ് സംഭവം. മരുന്ന് വാങ്ങാനെത്തിയ ഫിറോസാബാദ് സ്വദേശികളായ ഇമ്രാന്‍ ഹുസയ്ന്‍, ഷാജിര്‍ ആലം എന്നിവരെയാണ് ഇരുപതോളം വരുന്ന യുവമോര്‍ച്ചാ അക്രമികള്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചത്. തൊപ്പി ധരിച്ചത് ചോദ്യം ചെയ്തായിരുന്നു അക്രമം. തൊപ്പി ധരിച്ച മുസ്‌ലിം യുവാക്കള്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവമറിഞ്ഞെത്തി അക്രമം തടയാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ലോകേഷ് ഭാട്ടിയക്കും ക്രൂര മര്‍ദനമേറ്റു. അസഭ്യ വര്‍ഷത്തോടെയാണ് ഭാട്ടിയയെ നടുറോഡില്‍ മര്‍ദിച്ചത്. കസാഞ്ചെയിലെ വര്‍ഗീയകലാപം അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോലിസ് ഉേദ്യാഗസ്ഥനാണ് ലോകേഷ് ഭാട്ടിയ. അക്രമത്തില്‍ നിന്നു മുസ്‌ലിം യുവാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാട്ടിയക്ക് മര്‍ദനമേറ്റത്. കൂടുതല്‍ പോലിസെത്തിയാണ് മൂവരെയും രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ ലക്കി ഗാര്‍ഗ്, ധീരജ് പരാഷര്‍, ഉദയ് ഠാക്കൂര്‍ തുടങ്ങിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ലോകേഷ് ഭാട്ടിയയുടെയും ഇമ്രാന്‍ ഹുസയ്‌ന്റെയും പരാതികളില്‍  കേസെടുത്തെന്നു പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top